റിയാദ്: സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി-വനം വകുപ്പ് സഹമന്ത്രി കീർത്തി വർധൻ സിങ്, സൗദി തൊഴിൽ-സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി.
സൗദിയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം, തൊഴിൽപരമായ സംരക്ഷണം, വിസ-തൊഴിൽ നിയമങ്ങളിലെ പുത്തൻ മാറ്റങ്ങൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഇന്ത്യയിൽ നിന്നുള്ള നൈപുധ്യമുള്ള തൊഴിലാളികൾക്ക് സൗദിയിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനും, ഇരുരാജ്യങ്ങളിലെയും തൊഴിൽ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം ഊർജിതമാക്കുന്നതിനും കൂടിക്കാഴ്ച വഴിതുറന്നു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ, സൗദി വിദേശകാര്യ സഹമന്ത്രി താരിഖ് അൽഹമദ്, എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി റിയാദ് ഇന്ത്യൻ എംബസി സ്കൂളിൽ വെച്ച് ഇന്ത്യൻ സമൂഹം കേന്ദ്രമന്ത്രിക്ക് പ്രത്യേക സ്വീകരണമൊരുക്കിയിട്ടുണ്ട്. റിയാദിലെ വിവിധ സാമൂഹിക, സാംസ്കാരിക, വ്യവസായ മേഖലകളിലെ പ്രമുഖരും പ്രവാസി സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. പ്രവാസികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനും ഈ അവസരം പ്രയോജനപ്പെടുത്തും.







