മക്ക: വിശുദ്ധ റമദാനില്‍ ആദ്യ വാരത്തില്‍ മക്ക വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും വിശ്വാസികൾക്ക് നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ അടങ്ങിയ 48,79,682 ഇഫ്താര്‍ പൊതികൾ വിതരണം ചെയ്തതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇരു ഹറമുകളിലുമായി 8,393 ടണ്‍ സംസം വെള്ളവും ഉപയോഗിച്ചു. 1,196 ടണ്‍ മാലിന്യങ്ങളാണ് ഏഴു ദിവസത്തിനിടെ നീക്കം ചെയ്തത്.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും വിതരണം ചെയ്യുന്ന ഇഫ്താറുകളില്‍ മിച്ചംവരുന്ന ഭക്ഷണ, പാനീയങ്ങള്‍ ശേഖരിച്ച് പുറത്ത് നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പദ്ധതി ഇക്‌റാം സൊസൈറ്റി നടപ്പാക്കുന്നുണ്ട്. 500 ഓളം യുവതീയുവാക്കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഇരു ഹറമുകളിലും ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ഇക്‌റാം സൊസൈറ്റി സി.ഇ.ഒ അഹ്മദ് അല്‍ഹര്‍ബി അല്‍മത്‌റഫി പറഞ്ഞു. ഹറമുകളില്‍ ഭക്ഷണ, പാനീയങ്ങള്‍ പാഴാക്കപ്പെടുന്നത് കുറക്കാനും ബാക്കി വരുന്ന ഭക്ഷണം ഫലപ്രദമായി ഉപയോഗപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹറമുകളുടെ മുറ്റങ്ങളില്‍ മിച്ചംവരുന്ന ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാനും തരംതിരിക്കാനും പ്രത്യേക ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ശേഖരിച്ച് തരംതിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഇരു ഹറമുകള്‍ക്കും പുറത്തുള്ള മറ്റു മസ്ജിദുകളില്‍ വിശ്വാസികള്‍ക്കിടയിലും നിര്‍ധന കുടുംബങ്ങള്‍ക്കിടയിലും വിതരണം ചെയ്യുകയാണെന്നും അഹ്മദ് അല്‍ഹര്‍ബി അല്‍മത്‌റഫി പറഞ്ഞു.