മക്ക – ഇത്തവണത്തെ ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതി ആരംഭിച്ചതിന് ശേഷം ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് യാത്രാസൗകര്യം ലഭിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ അറിയിച്ചു. തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും മക്ക, മദീന, ജിദ്ദ എന്നിവക്കിടയിലുള്ള ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന ശ്രമങ്ങളുടെ ഭാഗമായി ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ 3,649 സര്‍വീസുകള്‍ നടത്തി.
മക്കക്കും മദീനക്കും ഇടയിലുള്ള ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ. ഇരു നഗരങ്ങള്‍ക്കുമിടയിലെ 453 കിലോമീറ്റര്‍ ദൂരം ഏകദേശം രണ്ട് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ ട്രെയിനുകള്‍ പിന്നിടുന്നു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും മക്കക്കും ഇടയിലുള്ള ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗവും ഇതാണ്. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് ട്രെയിന്‍ മാര്‍ഗം ഏകദേശം 50 മിനിറ്റ് യാത്രാ സമയമാണ് വേണ്ടിവരുന്നത്. ഇത് വിമാനത്താവളം വഴി എത്തുന്ന ഹജ്, ഉംറ തീര്‍ഥാടകരുടെ സുഗമമായ ഒഴുക്ക് വര്‍ധിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇലക്ട്രിക് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. 453 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ മക്ക, മദീന, ജിദ്ദ (സുലൈമാനിയ), കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ അഞ്ച് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. ഇത്തവണത്തെ ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതി സൗദി അറേബ്യ റെയില്‍വേയ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാനും ഹജ് സീസണില്‍ അവരുടെ യാത്ര സുഗമമാക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായി ആകെ 22 ലക്ഷത്തിലേറെ സീറ്റുകള്‍ ലഭ്യമാക്കുന്ന 5,300 ലേറെ സര്‍വീസുകളാണ് പദ്ധതിയില്‍ അടങ്ങിയിരിക്കുന്നത്.



