ജിദ്ദ – ഹജ് സീസണിന് ആറ് മാസം മുമ്പ് പത്തു ലക്ഷത്തിലേറെ ഹാജിമാര്‍ക്ക് താമസ, യാത്രാ സേവനങ്ങള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പുവെച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പ്രഖ്യാപിച്ചു. അടുത്ത ജനുവരിയില്‍ മദീനയില്‍ ഉംറ, സിയാറത്ത് ഫോറം സംഘടിപ്പിക്കും. ഹജ്, ഉംറ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച ഹജ്, ഹറം ചരിത്ര ഫോറത്തില്‍ കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സ് പങ്കാളിത്തം വഹിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സജീവമായി പങ്കെടുത്തു.
ലോകത്തെല്ലായിടത്തുനിന്നും 1,60,000 ലേറെ പേര്‍ ഹജ് കോണ്‍ഫറന്‍സും എക്‌സിബിഷനും സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സന്ദര്‍ശകരുടെ എണ്ണം 33 ശതമാനം തോതില്‍ വര്‍ധിച്ചു. 150 ലേറെ രാജ്യങ്ങള്‍ കോണ്‍ഫറന്‍സിലും എക്‌സിബിഷനിലും പങ്കാളിത്തം വഹിച്ചു. സമ്മേളനത്തിനിടെ തീര്‍ഥാടകര്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനായി 77 രാജ്യങ്ങളുമായി ഹജ്, ഉംറ മന്ത്രാലയം ഹജ് കരാറുകളില്‍ ഒപ്പുവെച്ചു. ലോകമെമ്പാടുമുള്ള ഹജ് സംഘാടകരുമായി സൗദിയിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ 3,000 ലേറെ കരാറുകള്‍ ഒപ്പുവെച്ചു. ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്താനും വിവരങ്ങള്‍ കൈമാറാനും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള 300 ലേറെ ഏജന്‍സികളും വകുപ്പുകളും സ്ഥാപനങ്ങളും എക്‌സിബഷനില്‍ പങ്കെടുത്തതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.



