മക്ക – ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതു വരെ വിദേശ തീര്‍ഥാടകര്‍ക്ക് 1,90,000 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 14 മുതലാണ് ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കുന്നത്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാനുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി വിദേശ, ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ദുല്‍ഹജ് 15 മുതല്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കാനും തുടങ്ങി. തീര്‍ഥാടകരുടെ അനുഭവത്തെ പിന്തുണക്കുന്ന നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ക്കൊപ്പം, എളുപ്പത്തില്‍ പെര്‍മിറ്റുകള്‍ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസുക് ആപ്പ് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു.
സുഗമമായ നടപടിക്രമങ്ങളും സുസ്ഥിര വികസനവും ഉറപ്പാക്കാനായി, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് പുതിയ ഉംറ സീസണിനായുള്ള സാങ്കേതികവും പ്രവര്‍ത്തനപരവുമായ തയാറെടുപ്പുകള്‍ വളരെ നേരത്തെ ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഭൂരിഭാഗം ഹജ് തീര്‍ഥാടകരുടെയും മടക്കയാത്ര പൂര്‍ത്തിയാകുന്നതിനു മുമ്പായാണ് വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയത്. ശഅബാന്‍ ഒന്നു മുതല്‍ വിദേശ ഉംറ ഏജന്‍സികളുടെ ക്വാളിഫിക്കേഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഹജ്, ഉംറ മന്ത്രാലയം നിര്‍ത്തിവെക്കും. എന്നാല്‍ സൗദി ഉംറ കമ്പനികളുമായി വിദേശ ഏജന്റുമാരുണ്ടാക്കുന്ന കരാറുകള്‍ ഡോക്യുമെന്റ് ചെയ്യുന്നത് ശഅബാന്‍ ഒന്നിനു ശേഷവും തുടരും.
വിദേശ തീര്‍ഥാടകര്‍ക്ക് ഉംറ വിസ അനുവദിക്കുന്ന അവസാന ദിവസം 1447 ശവ്വാല്‍ ഒന്ന് ആണ്. തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കേണ്ട അവസാന ദിവസം ശവ്വാല്‍ 15 ആണ്. ഇവര്‍ രാജ്യം വിടേണ്ട അവസാന ദിവസം ദുല്‍ഖഅ്ദ ഒന്ന് ആണ്.
ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും അപാര്‍ട്ട്‌മെന്റുകളിലും വിദേശ ഉംറ തീര്‍ഥാടകരെ പാര്‍പ്പിക്കാനുള്ള കരാറുകള്‍ നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി ഡോക്യുമെന്റ് ചെയ്യണമെന്ന വ്യവസ്ഥ ഈ സീസണ്‍ മുതല്‍ ഹജ്, ഉംറ മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. ഉംറ സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ടൂറിസം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹോട്ടലുകളുമായും ലോഡ്ജുകളുമായും അപാര്‍ട്ട്‌മെന്റുകളുമായും ഡോക്യുമെന്റ് ചെയ്ത കരാര്‍ നിലവിലുണ്ടെങ്കില്‍ മാത്രമേ ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തീര്‍ഥാടകരുടെ താമസ സേവനങ്ങള്‍ വ്യവസ്ഥാപിതമാക്കാനും തീര്‍ഥാടകര്‍ രാജ്യത്ത് എത്തിച്ചേരുന്ന നിമിഷം മുതല്‍ സൗദി അറേബ്യ വിടുന്നതുവരെ അവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ അനുഭവം നല്‍കാനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു. വിസകള്‍ ഇഷ്യു ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നതും നിയമ നടപടികള്‍ക്ക് വിധേയമാകുന്നതും ഒഴിവാക്കാന്‍ താമസ കരാറുകള്‍ നേരത്തെ ഡെക്യുമെന്റ് ചെയ്യേണ്ടതും അംഗീകൃത വ്യവസ്ഥകള്‍ പാലിക്കേണ്ടതും പ്രധാനമാണ്. നിയന്ത്രണ നിലവാരം മെച്ചപ്പെടുത്താനും സന്ദര്‍ശകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ അനുഭവത്തെ ബാധിച്ചേക്കാവുന്ന പ്രവണതകള്‍ തടയാനുമായി ഹജ്, ഉംറ മന്ത്രാലയവും ടൂറിസം മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥ നടപ്പാക്കിയിരിക്കുന്നത്.
ഇത് പാലിക്കുന്നത് നിരീക്ഷിക്കുമെന്നും അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീര്‍ഥാടകരെ സേവിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന മികച്ച ഉംറ സീസണ്‍ കാഴ്ചവെക്കാന്‍ എല്ലാവരും വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.