മക്ക – ഹജ് പെര്‍മിറ്റോ മക്കയില്‍ ജോലിക്കും താമസത്തിനുമുള്ള പ്രത്യേക പെര്‍മിറ്റോ ഹജ് വിസയോ ഇല്ലാത്തവരെ ഹജ് സീസണില്‍ മക്കയിലെ ഹോട്ടലുകളില്‍ താമസിപ്പിക്കരുതെന്ന് ടൂറിസം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഈ വിലക്ക് ഏപ്രില്‍ 29 മുതല്‍ ഹജ് സീസണ്‍ അവസാനിക്കുന്നതു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.
ഹജ് തീര്‍ഥാടകരുടെ സുരക്ഷ സംരക്ഷിക്കാനും സുരക്ഷിതത്വത്തോടെയും, എളുപ്പത്തിലും, മനസ്സമാധാനത്തോടെയും ഹജ് തീര്‍ഥാടനം നടത്താന്‍ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ഹജ് തസ്‌രീഹില്ലാത്തവരെയും മക്കയില്‍ ജോലിക്കും താമസത്തിനും പ്രത്യേക പെര്‍മിറ്റില്ലാത്തവരെയും ഹജ് വിസയില്ലാത്തവരെയും മക്കയിലെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നത് ടൂറിസം മന്ത്രാലയം കര്‍ശനമായി വിലക്കിയത്.
മക്കയിലെ മുഴുവന്‍ ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകളും ഈ വര്‍ഷത്തെ ഹജ് സീസണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിക്കണമെന്നും ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.