ജിദ്ദ – അഞ്ചു വിസകളില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിന് നിയമാനുസൃത വിസയില്‍ രാജ്യത്ത് പ്രവേശിക്കല്‍ നിര്‍ബന്ധമാണ്.
ഇ-ടൂറിസ്റ്റ് വിസ, പേഴ്‌സണല്‍-ഫാമിലി വിസിറ്റ് വിസ, ട്രാന്‍സിറ്റ് വിസ, തൊഴില്‍ വിസ, ഉംറ വിസ എന്നിവയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാവുന്നതാണ്. ഇതിന് നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റ് നേടുകയും പെര്‍മിറ്റില്‍ നിര്‍ണയിച്ച തീയതിയില്‍ കൃത്യസമയത്ത് വിശുദ്ധ ഹറമില്‍ എത്തുകയും വേണം.
ഉംറ കര്‍മം നിര്‍വഹിക്കാനും മദീനയില്‍ മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും നുസുക് ആപ്പ് വഴി പെര്‍മിറ്റ് ബുക്ക് ചെയ്ത് അപ്പോയിന്റ്‌മെന്റ് നേടണം. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ വിസ ലഭിച്ച ശേഷമാണ് നുസുക് ആപ്പ് വഴി പെര്‍മിറ്റിന് ബുക്ക് ചെയ്യേണ്ടത്. ഇരുപത്തിനാലു മണിക്കൂറും എളുപ്പമാര്‍ന്ന ഇലക്‌ട്രോണിക് നടപടികളിലൂടെ പെര്‍മിറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ആപ്പ് സ്റ്റോറും ഗൂഗിള്‍ പ്ലേ സ്റ്റോറും വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന നുസുക് പ്ലാറ്റ്‌ഫോം ഉംറ പാക്കേജുകള്‍ ബുക്ക് ചെയ്യാനും തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നു.