മിനാ – ഈ വര്‍ഷത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം ഇതുവരെ 16 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 തീര്‍ഥാടകര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തി. ഹാജിമാര്‍ക്ക് 1,02,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്കി.
2,262 തീര്‍ഥാടകരെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ എത്തിച്ചു. 1,412 പേരെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ സ്വീകരിച്ചു. 4,970 രോഗികളെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട 71 തീര്‍ഥാടകര്‍ക്കും ചികിത്സ നല്‍കിയതായി മന്ത്രാലയം അറിയിച്ചു.
ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ 27,231 തീര്‍ഥാടകരെ സ്വീകരിച്ചു. ഹെല്‍ത്ത് സെന്ററുകളുടെ സേവനം 55,275 തീര്‍ഥാടകര്‍ക്ക് ലഭിച്ചു. ഹാജിമാര്‍ കുടകള്‍ ഉപയോഗിക്കുന്നത് കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ 60 ശതമാനം തോതില്‍ കുറക്കാന്‍ സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
സംയോജിത ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള ഇടപെടലിനും പ്രതികരണത്തിനും സഹായിച്ചു. തീര്‍ഥാടകര്‍ ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നത് പ്രശംസനീയമാണ്. ഇത് ഗുരുതരമായ കേസുകളുടെ എണ്ണം കുറക്കാനും പൊതു സുരക്ഷ മെച്ചപ്പെടുത്താനും സഹായിച്ചു. തീര്‍ഥാടകര്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതിനാലും അംഗീകൃത പ്രതിരോധ നടപടികള്‍ നടപ്പാക്കിയതിനാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത ചൂട് കാരണമായ കേസുകള്‍ ഇത്തവണ 90 ശതമാനം തോതില്‍ കുറഞ്ഞു. തീര്‍ഥാടകരുടെ പൊതുവായ ആരോഗ്യ നില തൃപ്തികരമാണ്. അംഗീകൃത പ്രതിരോധ പദ്ധതികള്‍ തീര്‍ഥാടകരുടെ സുരക്ഷ നിലനിര്‍ത്താനും ആരോഗ്യ അപകടസാധ്യതകള്‍ കുറക്കാനും സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.