ജിദ്ദ – യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കം മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഹജ് രജിസ്‌ട്രേഷന് തുടക്കമായി. ഇടനിലക്കാരില്ലാതെ നേരിട്ട് ഹജിന് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമാണ് ഹജ്, ഉംറ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. മന്ത്രാലയത്തിനു കീഴിലെ നുസുക് ഹജ് പ്ലാറ്റ്ഫോം വഴിയാണ് ഹജിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. അറബ്, ഇസ്‌ലാമിക് രാജ്യങ്ങളും വലിയ തോതില്‍ മുസ്‌ലിം ജനസംഖ്യയുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൗദി ഹജ്, ഉംറ മന്ത്രാലയവുമായി എല്ലാ വര്‍ഷവും കരാറുകള്‍ ഒപ്പുവെക്കാറുണ്ട്. ഇങ്ങിനെ കരാറുകള്‍ ഒപ്പുവെക്കാത്ത, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നുസുക് പ്ലാറ്റ്‌ഫോം വഴി ഹജിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.
മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സുരക്ഷിതവും എളുപ്പവുമായ അനുഭവം ഉറപ്പാക്കുന്ന സംയോജിത ഡിജിറ്റല്‍ സംവിധാനത്തിലൂടെ, രജിസ്‌ട്രേഷന്‍ മുതല്‍ ഹജ് പാക്കേജ് തെരഞ്ഞെടുക്കല്‍, പണമടക്കല്‍ തുടങ്ങി തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനാണ് നുസുക് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു. നിലവിലെ ഘട്ടം അക്കൗണ്ട് സൃഷ്ടിക്കല്‍, രജിസ്‌ട്രേഷന്‍ എന്നിവയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പാക്കേജ് അവലോകനവും ഔപചാരിക ബുക്കിംഗ് തീയതികളും പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും താമസ, യാത്രാ സൗകര്യങ്ങള്‍ക്കും മറ്റും പണമടക്കുന്നവര്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി തന്നെ ഓണ്‍ലൈന്‍ ആയി ഇ-വിസ ലഭിക്കും.
ഹജിനിടെ ഗൈഡുകളായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരവും പ്ലാറ്റ്ഫോമില്‍ ഒരുക്കിയിട്ടുണ്ട്. ഇവരുടെ അപേക്ഷകള്‍ ഹജ്, ഉംറ മന്ത്രാലയം അംഗീകരിക്കുന്ന പക്ഷം മന്ത്രാലയത്തിന്റെ ലൈസന്‍സുള്ള ഹജ് സര്‍വീസ് സ്ഥാപനങ്ങളുടെ പക്കല്‍ അവരുടെ ഫയലുകള്‍ അംഗീകരിക്കും. ഔദ്യോഗിക പ്ലാറ്റ്ഫോം വഴി മാത്രമേ ഹജ് രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. പ്ലാറ്റ്ഫോമിന് പുറത്ത് പണം കൈമാറ്റം ചെയ്യാന്‍ അഭ്യര്‍ഥിക്കുന്ന ഏതെങ്കിലും അനൗദ്യോഗിക ലിങ്കുകളുമായോ സ്ഥാപനങ്ങളുമായോ ഇടപാടുകള്‍ നടത്തുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും നുസുക് ഹജ് വഴി തീര്‍ഥാടകര്‍ ഉറപ്പുവരുത്തണം. 966920031201 എന്ന നമ്പറില്‍ തത്സമയ ചാറ്റ്, ഇ-മെയില്‍, കോള്‍ സെന്റര്‍ എന്നിവ വഴി പ്ലാറ്റ്ഫോം സാങ്കേതിക പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.



