കോഴിക്കോട്– ഹജ്ജ് തീർഥാടനത്തിനുള്ള എയർ ഇന്ത്യയുടെ അമിത ചാർജ് മൂലം ബഹുഭൂരിപക്ഷം തീർഥാടകരും കോഴിക്കോട് വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിയതായി എം.പി ഇടി മുഹമ്മദ് ബഷീർ. എയർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അലോക് സിംഗിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവന്നതായി അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നിരക്ക് കുറയ്ക്കാൻ താൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നിരവധി തവണ ശ്രമിച്ചെങ്കിലും എയർ ഇന്ത്യ തയ്യാറായില്ലെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടതായും ബഷീർ പറഞ്ഞു.
26 വിമാനങ്ങളുമായി ഹ്രസ്വദൂര അന്താരാഷ്ട്ര സർവീസുകൾക്കായി ആരംഭിച്ച എയർ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ നൽകിയത് കോഴിക്കോട് വിമാനത്താവളമാണെന്ന് എം.പി ചൂണ്ടിക്കാട്ടി. എന്നാൽ, ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം 115 വിമാനങ്ങളുള്ള കമ്പനിയായി വളർന്നപ്പോൾ കോഴിക്കോടിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് അലോക് സിംഗ് ഉറപ്പ് നൽകിയതായി ബഷീർ അറിയിച്ചു. നിലവിലെ ബാംഗ്ലൂർ സർവീസ് ഡൽഹി വരെ നീട്ടുന്നതും, പുതിയ നവി മുംബൈ വിമാനത്താവളം പ്രവർത്തനം തുടങ്ങുമ്പോൾ കോഴിക്കോട്-മുംബൈ എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് അലോക് സിംഗ് വ്യക്തമാക്കി. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട്-ഗോവ സർവീസിന്റെ സാധ്യതയും പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, തിരുവനന്തപുരം, കൊൽക്കത്ത റൂട്ടുകളിലേക്കുള്ള സർവീസുകൾ, നിലവിലുള്ള കുവൈത്ത്, ബഹ്‌റൈൻ, അൽ ഐൻ സർവീസുകൾ പ്രതിദിനമാക്കുന്നതിനുള്ള നടപടികൾ, ഫുജൈറ, മദീന, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ എന്നിവയ്ക്കായും എം.പി ആവശ്യമുന്നയിച്ചു.