റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ (എംബിഎസ് ) രക്തം ദാനം ചെയ്ത് ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മാനുഷിക പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജകുമാരന്‍ രക്തം ദാനം ചെയ്ത് ക്യാമ്പയിനിന് തുടക്കമിട്ടത്. ആരോഗ്യകരമായ ജീവിതം ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹത്തിനുള്ള ‘വിഷന്‍ 2030’ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി, സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുക ,സ്വമേധയാ രക്തദാനം ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുക, ആരോഗ്യ മേഖലയിലെ ദേശീയ ശ്രമങ്ങളെ പിന്തുണക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചാണ് രാജകുമാരൻ രക്തദാന ക്യാമ്പയിൻ തുടക്കമിട്ടത്. സൗദിയില്‍ സ്വമേധയാ മുന്നോട്ടുവന്ന് രക്തം ദാനം ചെയ്യുന്നവരുടെ അനുപാതം 100 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കല്‍, അവയവദാന പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സൗദി ഭരണാധികാരികള്‍ പിന്തുടരുന്ന മാനുഷിക നിലപാടുകളുടെ തുടര്‍ച്ചയാണ് രാജകുമാരന്‍റെ രക്തദാനം. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയിക്കാനാണ് രാജ്യത്തുടനീളമുള്ള ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 2024 ല്‍ സൗദിയില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ രക്തം ദാനം ചെയ്തിരുന്നു.
സല്‍മാന്‍ രാജകുമാരന്‍റെ രക്തദാനം മാനുഷിക പ്രവര്‍ത്തനത്തിന്റെ പ്രചോദനാത്മകമായ ഉദാഹരണവും സന്നദ്ധസേവന സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന വിലപ്പെട്ട സന്ദേശമാണ്. ഇത് സമൂഹത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കുകയും, ഈ മഹത്തായ പ്രവൃത്തിയിലൂടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ജനങ്ങളെ സന്നദ്ധരാക്കുകയും ചെയ്യുന്നു.