റിയാദ് – തലസ്ഥാന നഗരിയില്‍ ഗതാഗത്തിരക്ക് കുറക്കാന്‍ ലക്ഷ്യമിട്ട് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് റിയാദ് റോയല്‍ കമ്മീഷന്‍ ജൂണ്‍ 2 മുതല്‍ റിയാദിലെ ആറ് വര്‍ക്ക് സോണുകളില്‍ തൊഴില്‍ സമയ സംരംഭം നടപ്പാക്കാന്‍ തുടങ്ങി. തലസ്ഥാനത്ത് സഞ്ചാര കാര്യക്ഷതമ വര്‍ധിപ്പിക്കാനും ഗതാഗതം മെച്ചപ്പെടുത്താനും ജീവിത നിലവാരം ഉയര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ലിസെന്‍ വാലി, ഗര്‍ണാത ബിസിനസ്, റോഷന്‍ വാട്ടര്‍ഫ്രണ്ട് എന്നീ ആറ് വര്‍ക്ക് സോണുകളിലെ 50 ലധികം വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സംരംഭം ബാധകമാണ്. സിവില്‍ സര്‍വീസ് നിയമത്തിന് വിധേയമായ വകുപ്പുകളിലും സ്ഥാപനങ്ങളിലും രാവിലെ 5:30 മുതല്‍ 9:30 വരെയും തൊഴില്‍ നിയമത്തിന് വിധേയമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 7:00 മുതല്‍ 11:00 വരെയുമാണ് ജോലി സമയം നടപ്പാക്കുന്നത്.
തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് കുറക്കാനും ജോലിക്ക് എത്തിച്ചേരല്‍, ജോലി കഴിഞ്ഞ് പിരിഞ്ഞുപോകല്‍ സമയങ്ങള്‍ വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിക്കാനും ഇത് അനുവദിക്കും. എത്തിച്ചേരല്‍ സമയം തെരഞ്ഞെടുക്കുന്നതില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ വഴക്കം നല്‍കാനും, ജോലി അനുഭവത്തെ പോസിറ്റീവായി സ്വാധീനിക്കാനും സഞ്ചാരം മെച്ചപ്പെടുത്താനും കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ നഗര പരിസ്ഥിതി വികസിപ്പിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണക്കാനും ഈ സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷ.



