ജിദ്ദ: മരുന്ന് ട്രാക്കിംഗ് നിയമങ്ങൾ ലംഘിച്ച 17 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായി 15.8 ലക്ഷം റിയാൽ (15,80,000 റിയാൽ) പിഴ ചുമത്തിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) അറിയിച്ചു. രജിസ്റ്റർ ചെയ്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കായുള്ള ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനമായ ‘റസദ്’ (Rasad) കൃത്യമായി പാലിക്കാത്തതിനാണ് നടപടി.
മരുന്നുകളുടെ നീക്കം ‘റസദ്’ സംവിധാനം വഴി നേരിട്ട് റിപ്പോർട്ട് ചെയ്യാതിരുന്ന എട്ട് സ്ഥാപനങ്ങൾക്കാണ് പ്രധാനമായും പിഴ ചുമത്തിയത്. മരുന്ന് ക്ഷാമം മുൻകൂട്ടി റിപ്പോർട്ട് ചെയ്യാതിരിക്കുക, രജിസ്റ്റർ ചെയ്ത ഉൽപ്പന്നങ്ങൾ തീരുന്നതിന് മുൻപ് ലഭ്യമാക്കാതിരിക്കുക, ആറ് മാസത്തെ നിർബന്ധിത മരുന്ന് സ്റ്റോക്ക് സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ ഒൻപത് സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുത്തു.
ഫാർമസ്യൂട്ടിക്കൽ നിയമപ്രകാരം വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ലൈസൻസ് റദ്ദാക്കാനും 180 ദിവസം വരെ സ്ഥാപനങ്ങൾ താത്കാലികമായി അടച്ചുപൂട്ടാനും നിയമം അനുശാസിക്കുന്നു. ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നത് മുതൽ ഉപഭോക്താവിലേക്ക് എത്തുന്നത് വരെയുള്ള മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്ന ‘റസദ്’ സംവിധാനം വ്യാജ മരുന്നുകൾ തടയാനും മരുന്ന് സുരക്ഷ ഉറപ്പാക്കാനും നിർണായക പങ്കാണ് വഹിക്കുന്നത്.







