റിയാദ് – ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായി കണക്കാക്കപ്പെട്ട അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ, ശിരസ്സുകള്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ക്ലിയ ആനെയും മോറിസ് ആനെയും വിജയകരമായി വേര്‍പ്പെടുത്തിക്കൊണ്ട് സൗദി സയാമിസ് പ്രോഗ്രാമിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ ടീം പുതിയ നാഴികക്കല്ല് പിന്നിട്ടു. റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. 12 മണിക്കൂറും 45 മിനിറ്റും എടുത്താണ് കുട്ടികളെ വിജയകരമായി വേര്‍പ്പെടുത്തിയതെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സൗദി സയാമിസ് പ്രോഗ്രാം മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
ഇത് ഓപ്പറേഷന്‍ പ്രക്രിയയുടെ മൂന്നാം ഘട്ടമാണ്. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ഘട്ടങ്ങളില്‍ പുനര്‍നിര്‍മ്മാണം, സൗന്ദര്യവര്‍ധക നടപടിക്രമങ്ങള്‍, തലയോട്ടി അടക്കല്‍ എന്നിവ ഉള്‍പ്പെടും. ഓപ്പറേഷന്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന കൃത്യതയും സുരക്ഷയും ഉറപ്പാക്കാന്‍ അനസ്‌തേഷ്യ, ഇന്റന്‍സീവ് കെയര്‍, അഡ്വാന്‍സ്ഡ് റേഡിയോളജി, പ്ലാസ്റ്റിക് സര്‍ജറി, മറ്റ് സപ്പോര്‍ട്ടിംഗ് സ്പെഷ്യാലിറ്റികള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 30 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്സിംഗ്, സാങ്കേതിക ജീവനക്കാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
ഫിലിപ്പീന്‍സില്‍ നിന്നുള്ള സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന മൂന്നാമത്തെയും സൗദി സയാമിസ് പ്രോഗ്രാം നടത്തുന്ന 70-ാമത്തെയും ശസ്ത്രക്രിയയാണിത്. 35 വര്‍ഷത്തിലേറെ നീണ്ട ചരിത്രമുള്ള സൗദി സയാമിസ് പ്രോഗ്രാം 27 രാജ്യങ്ങളില്‍ നിന്നുള്ള 157 സയാമിസ് ഇരട്ടകളുടെ കേസുകള്‍ ഇതിനകം പഠിച്ചിട്ടുണ്ട്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേരിട്ടുള്ള പിന്തുണയും രക്ഷാകര്‍തൃത്വവും ഉള്ള ഈ അപൂര്‍വ മെഡിക്കല്‍ സ്പെഷ്യാലിറ്റിയില്‍ സൗദി അറേബ്യ വഹിക്കുന്ന മുന്‍നിര പങ്കിന് ഇത് അടിവരയിടുന്നു.
ശസ്ത്രക്രിയയുടെ വിജയത്തിനും ഇരട്ടകളുടെ ക്ഷേമം ഉറപ്പാക്കാനും സഹായിച്ച പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോ. മുഅ്തസിം അല്‍സഅബിയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘത്തിനും അനസ്‌തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി, നഴ്സിംഗ്, സാങ്കേതിക പിന്തുണ എന്നിവയില്‍ വിദഗ്ധരായ സര്‍ജിക്കല്‍ സംഘത്തിലെ അംഗങ്ങള്‍ക്കും ഡോ. അബ്ദുല്ല അല്‍റബീഅ നന്ദി പറഞ്ഞു. ഈ വിജയം രാജ്യത്തിന്റെ മഹത്തായ മാനുഷിക ദൗത്യത്തെയും ഈ മേഖലയിലെ ആഗോള മികവിന്റെ കേന്ദ്രമെന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനത്തെയും പ്രതിഫലിപ്പിക്കുന്നുതായി ഡോ. അബ്ദുല്ല അല്‍റബീഅ വ്യക്തമാക്കി. തങ്ങളുടെ മക്കള്‍ക്ക് ലഭിച്ച ഉയര്‍ന്ന നിലവാരമുള്ള വൈദ്യ പരിചരണത്തിന് സയാമിസ് ഇരട്ടകളുടെ മാതാപിതാക്കള്‍ മെഡിക്കല്‍ സംഘത്തിനും സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിച്ചു.



