ജിദ്ദ – വ്യാജ സൗദിവല്‍ക്കരണം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 7,200 ലേറെ തൊഴില്‍ വിസകള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ റദ്ദാക്കിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
മോണിറ്ററിംഗ് ടീമുകളും സ്മാര്‍ട്ട് നിരീക്ഷണ സംവിധാനവും വഴി 91,000 സംശയാസ്പദമായ കേസുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട 13,509 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വ്യാജമായി നിയമിച്ച സൗദി ജീവനക്കാരെ സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രോഗ്രാമില്‍ നിന്ന് നീക്കം ചെയ്യല്‍, യഥാര്‍ഥ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനായി അവരെ മാനവ വിഭവശേഷി വികസന ഫണ്ടിലേക്ക് റഫര്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തിര നടപടികള്‍ മന്ത്രാലയം സ്വീകരിച്ചു.
ഈ കൊല്ലം ആദ്യ പാദത്തില്‍ രണ്ടര ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ 1,68,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. പദവി ശരിയാക്കാന്‍ ആവശ്യപ്പെട്ട് 2,30,000 സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം വാണിംഗ് നോട്ടീസുകള്‍ നല്കി. മൂന്നു മാസത്തിനിടെ റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ 3,522 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധ ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച് പരസ്യപ്പെടുത്തിയ 238 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു.
മനുഷ്യക്കടത്ത് സംശയിക്കപ്പെടുന്ന ഏകദേശം 54,000 കേസുകളില്‍ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ആദ്യ പാദത്തില്‍ തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് പൊതുസമൂഹത്തില്‍ നിന്ന് മന്ത്രാലയത്തിന് 15,563 പരാതികള്‍ ലഭിച്ചിരുന്നു. ഇതില്‍ 96.96 ശതമാനവുമായും നിശ്ചിത സമയത്തിനകം മന്ത്രാലയം പ്രതികരിച്ചു.
