ബുറൈദ– കാലാവധി തീർന്ന ശീതളപാനീയങ്ങൾ വിൽപന നടത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കും അൽഖസീം അപ്പീൽ കോടതി 14,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വിൽപന മേഖലയിൽ ബുറൈദയിൽ പ്രവർത്തിക്കുന്ന വർദുത്തൗഫീർ ഫുഡ്സ്റ്റഫ് ട്രേഡിംഗ് കമ്പനിക്കും സ്ഥാപനത്തിലെ ജീവനക്കാരായ യെമനികളായ ഇസ്മായിൽ അബ്ദുൽഫത്താഹ് അബ്ദുൽജലീൽ അതാ, മാഹിർ അബ്ദുല്ല അബ്ദുൽമജീദ് എന്നിവർക്കുമാണ് പിഴ ചുമത്തിയത്.
സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.
വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനക്കിടെ കാലാവധി തീർന്ന 67 ബോട്ടിൽ ശീതളപാനീയങ്ങൾ വിൽപനക്ക് പ്രദർശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും.



