ജിദ്ദ: ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ കീഴിലുള്ള ഷറഫിയ്യ അനസ് ബിൻ മാലിക് സെന്ററിൽ വിശുദ്ധ ഖുർആൻ മനഃപാഠമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിക്കുന്ന ‘അൽ-ഇത്ഖാൻ’ തഹ്ഫീദുൽ ഖുർആൻ കോഴ്‌സിന്റെ റെഗുലർ ക്ലാസുകൾ സെപ്‌തംബർ 12-ന് ആരംഭിക്കും. ഏഴ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ 1 മണി വരെയുള്ള മോർണിംഗ് ബാച്ചും, എട്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി ശനി മുതൽ ബുധൻ വരെയുള്ള റഗുലർ ബാച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത്. അറബ് വംശജരായ വിദഗ്ദ്ധ അധ്യാപകരായിരിക്കും ക്ലാസുകൾക്ക് നേതൃത്വം നൽകുക.
ഖുർആൻ കൃത്യമായി പാരായണം ചെയ്യാൻ അറിയുന്ന കുട്ടികൾക്ക് 18 മാസം കൊണ്ട് ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കാം. തഹ്ഫീദിനൊപ്പം തജ്‌വീദ് നിയമങ്ങളും പ്രാർത്ഥനകളും പഠിപ്പിക്കുന്ന കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സൗദി ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും. അനസ് ബിൻ മാലിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദ ഇൻഡസ്ട്രിയൽ ഏരിയ ജാലിയാത് മേധാവി ശൈഖ് ഇബ്‌റാഹീം ബിൻ ഖലീൽ അർറായി കോഴ്‌സിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു. ശൈഖ് ഫായിസ് അസ്സഹലി, ശൈഖ് ഖാലിദ് അൽ വാസിൽ, ശൈഖ് ഖാലിദ് അൽ ഫഖീഹ്, ശൈഖ് ഉമർകോയ മദീനി, പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് സുല്ലമി, സുനീർ പുളിക്കൽ, ഫൈസൽ വാഴക്കാട്, ഹാഫിള് മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും 0535618598, 0509299816, 0561562092 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.







