ജിദ്ദ – ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഈ നിയമ ലംഘനത്തിന് 500 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കും.
രാജ്യത്ത് എല്ലാ പ്രവിശ്യകളിലുമുള്ള തുരങ്കങ്ങള്‍ക്കുള്ളില്‍ വാഹനമോടിക്കുമ്പോള്‍ ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഹെഡ്‌ലൈറ്റുകള്‍ ഇല്ലാതെ വാഹനമോടിക്കുന്നത് ഡ്രൈവര്‍മാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്ക് ഗുരുതരമായ അപകടമാണ്. ഇത് ശിക്ഷ അര്‍ഹിക്കുന്ന വ്യക്തമായ ഗതാഗത നിയമ ലംഘനമാണ്. തുരങ്കങ്ങള്‍ക്കുള്ളില്‍ ഹെഡ്‌ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് ദൃശ്യപരത ഗണ്യമായി കുറക്കുകയും മതിയായ പ്രകൃതിദത്ത വെളിച്ചം ഇല്ലാത്ത പ്രദേശങ്ങളില്‍ വാഹനങ്ങല്‍ കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.



