റിയാദ്- സൗദി അറേബ്യയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട സൗദി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, കൃഷി സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. എഞ്ചിനീയറിംഗ്,മെഡിക്കൽ അക്കൗണ്ടിംഗ് മേഖലയിൽ ബിരുദധാരികൾ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവ മാനവവിഭശേഷി മന്ത്രാലയം, സൗദി എഞ്ചിനീയറിംഗ് കൗൺസിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓർഗനൈസേഷൻ, മെഡിക്കൽ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഓൾ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി മാനവവിഭവ ശേഷി വകുപ്പുമന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വിവിധ സൗദി പദ്ധതികളിലേക്ക് ഇനിയും ഇന്ത്യക്കാരായ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് സൗദി മന്ത്രി പറഞ്ഞിട്ടുണ്ട്. ഇവിടെ മികച്ച അവസരങ്ങളുണ്ട്. വ്യാപാര, തൊഴിൽ, സാങ്കേതിക, സൈനിക മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും ഏറ്റവും നല്ല ബന്ധമാണുള്ളത്. പാസ്പോർട്ടുകൾ പെട്ടെന്ന് പുതുക്കി നൽകാനുള്ള നടപടികൾ സ്വീകരിക്കും. പാസ്പോർട്ടുകളുടെ കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുമ്പ് മൊബൈലുകളിൽ സന്ദേശമെത്തുന്ന രീതിയിൽ ക്രമീകരണം നടത്തും. അത് വിദേശത്തുള്ളവർക്ക് വലിയ ഉപകാരമാകും. നാട്ടിൽ എൻക്വയറി വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കും.
27 ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോൾ സൗദിയിലുള്ളത്. ഇവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് എംബസിയിലും കോൺസുലേറ്റിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡർ വിപുൽ അധ്യക്ഷനായിരുന്നു.വിദ്യാർഥികളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു. സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് മന്ത്രിയെ ബൊക്കെ നൽകി ആദരിച്ചു. നിയാസ് അഹമ്മദ്, കെഎം കനകലാൽ, സന്തോഷ് ഷെട്ടി, മുഹമ്മദ് സൈഗം ഖാൻ, സലീം മാഹി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹമ്മദ് സുലൈമാൻ അൽറാജ്ഹി, പരിസ്ഥിതി സഹമന്ത്രി എഞ്ചിനീയർ മൻസൂർ ഹിലാൽ അൽമുശൈത്തി തുടങ്ങിയവരുമായി മന്ത്രി കീർത്തി വർധൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. അൽഫനാർ കമ്പനി ആസ്ഥാനവും സന്ദർശിച്ചു. ഇന്ത്യൻ ബിസിനസ് സമൂഹവുമായി സംവദിക്കുകയും ചെയ്തു.







