ജിദ്ദ– ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ജിദ്ദയില്‍ 100 കോടിയിലേറെ ഡോളര്‍ നിക്ഷേപത്തോടെ ട്രംപ് പ്ലാസ പദ്ധതി പ്രഖ്യാപിച്ച് ദാര്‍ ഗ്ലോബല്‍ കമ്പനി. സൗദി ഡെവലപ്പര്‍ ദാര്‍ അല്‍അര്‍കാന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലണ്ടനില്‍ ലിസ്റ്റ് ചെയ്ത ആഡംബര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ദാര്‍ ഗ്ലോബലും ട്രംപ് ഓര്‍ഗനൈസേഷനും സഹകരിച്ച് സൗദിയില്‍ നടപ്പാക്കുന്ന മൂന്നാമത്തെ പദ്ധതിയാണ് ജിദ്ദ ട്രംപ് പ്ലാസ. കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ അമായാ പദ്ധതിയുടെ ഭാഗമാണ് ട്രംപ് പ്ലാസ പദ്ധതി.
ജിദ്ദ ട്രംപ് പ്ലാസയില്‍ പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത അപ്പാര്‍ട്ടുമെന്റുകളും ടൗണ്‍ഹൗസുകളും റീട്ടെയില്‍ ഔട്ട്ലെറ്റുകളും റെസ്റ്റോറന്റുകളുമുണ്ടാകും. കൂടാതെ അന്താരാഷ്ട്ര ഉടമകള്‍ക്ക് ഓപ്ഷണല്‍ ലീസ് മാനേജ്മെന്റ് സേവനങ്ങളും ട്രംപ് പ്ലാസ വാഗ്ദാനം ചെയ്യും. ഗോള്‍ഫ് സിമുലേറ്ററുകള്‍, സ്പാ, സ്പോര്‍ട്സ്, വെല്‍നസ് സൗകര്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന 4,000 ചതുരശ്ര മീറ്റര്‍ വൈറ്റാലിറ്റി ക്ലബ്ബും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ജിദ്ദയിലെ തന്ത്രപ്രധാനമായ സ്ഥലത്ത് ഏകദേശം പത്തു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് നടപ്പാക്കുന്ന അമായാ വികസന പദ്ധതിയുടെ ഹൃദയഭാഗത്താണ് ട്രംപ് പ്ലാസ സ്ഥിതി ചെയ്യുന്നത്.
ട്രംപ് പ്ലാസ ജിദ്ദയുടെ സമാരംഭം ദാര്‍ ഗ്ലോബല്‍ കമ്പനി സൗദിയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ പ്രധാന നാഴികക്കല്ലാണെന്ന് ദാര്‍ ഗ്ലോബല്‍ സി.ഇ.ഒ സിയാദ് അല്‍ശആര്‍ പറഞ്ഞു. ഇത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന വികസനമല്ല. മറിച്ച്, ജിദ്ദയിലെ ഏറ്റവും മികച്ച വിലാസത്തില്‍ താമസിക്കാനും ജോലി ചെയ്യാനും കണക്റ്റു ചെയ്യാനും ആഗ്രഹിക്കുന്ന ആഗോള നിവാസികള്‍ക്കായി ശ്രദ്ധാപൂര്‍വ്വം രൂപകല്‍പ്പന ചെയ്തിരിക്കുന്ന നഗര ആവാസവ്യവസ്ഥയാണ്. ട്രംപ് പ്ലാസ ജിദ്ദ രാജ്യത്തെ ആധുനിക നഗര ജീവിതത്തിനായി പുതിയ മാതൃക അവതരിപ്പിക്കുന്നുവെന്നും സിയാദ് അല്‍ശആര്‍ വ്യക്തമാക്കി.
ട്രംപിന്റെ പേരില്‍ റിയാദിനു സമീപം ദിരിയിയിലെ വാദി സഫാറില്‍ ആയിരം കോടി ഡോളര്‍ നിക്ഷേപത്തോടെ വന്‍കിട ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നടപ്പാക്കുന്നതായി ദാര്‍ ഗ്ലോബല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഡംബര ടൂറിസം, റിയല്‍ എസ്റ്റേറ്റ് വികസന പദ്ധതികളില്‍ ഒന്നായ ട്രംപ് ഇന്റര്‍നാഷണല്‍ വാദി സഫാര്‍ പദ്ധതിക്ക് ദിരിയയില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചതായി ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ് അറിയിച്ചു. ട്രംപ് ബ്രാന്‍ഡഡ് ഹോട്ടലും ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബും ആഡംബര റെസിഡന്‍ഷ്യല്‍ വില്ലകളുടെ ഒരു കൂട്ടവും അടങ്ങിയ ട്രംപ് ഇന്റര്‍നാഷണല്‍ വാദി സഫാര്‍ പദ്ധതി, വാദി സഫാറിന്റെ സമഗ്ര വികസനത്തിനുള്ള റയാന വാദി സഫാര്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു. ദാര്‍ ഗ്ലോബല്‍ കമ്പനിയും ട്രംപ് ഓര്‍ഗനൈസേഷനും സഹകരിച്ച് സൗദിയില്‍ പ്രഖ്യാപിച്ച ആദ്യത്തെ പദ്ധതി ജിദ്ദയിലെ ട്രംപ് ടവര്‍ ആണ്. ഇതിന്റെ മണ്ണ് നീക്കം ചെയ്യല്‍, അടിത്തറ നിര്‍മാണം അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ റിയാദില്‍ ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് മറ്റൊരു റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം പദ്ധതി കൂടി പ്രഖ്യാപിക്കാന്‍ ദാര്‍ ഗ്ലോബല്‍ കമ്പനിക്ക് നീക്കമുണ്ട്.



