മക്ക: റമദാനിൽ ആദ്യ വാരത്തില്‍ പ്രതിദിന ഉംറ തീര്‍ഥാടകരുടെ എണ്ണം അഞ്ചു ലക്ഷം വരെയായി ഉയര്‍ന്നു. ഹറമിലേക്കുള്ള പ്രവേശനത്തിനും പുറത്തിറങ്ങാനുമായി 196 കവാടങ്ങളാണുള്ളത്. ജനത്തിരക്ക് നിയന്ത്രിക്കാനായി ഇതില്‍ അഞ്ചു പ്രധാന കവാടങ്ങള്‍ ഹറമിലേക്ക് പ്രവേശിക്കാന്‍ വേണ്ടി മാത്രമായി നീക്കിവെച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ ഒഴുക്ക് നിരീക്ഷിക്കാനായി പ്രധാന കവാടങ്ങളില്‍ നൂതന സാങ്കേതികവിദ്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഹറമിനകത്തും മുറ്റങ്ങളിലുമായി 200 പുതിയ ഡിജിറ്റല്‍ സൈന്‍ബോര്‍ഡുകള്‍ ഉണ്ട്. വിശ്വാസികളെ സഹായിക്കാന്‍ പ്രത്യേക സംഘങ്ങളുടെ സേവനവും പുതുതായി ആരംഭിച്ചിട്ടുണ്ട്.
ഉംറ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം സൗജന്യമായി മുടി വെട്ടി നല്‍കുന്ന മൊബൈല്‍ ബാര്‍ബര്‍ ഷോപ്പുകളും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവർത്തിച്ചു വരുന്നു. തീര്‍ഥാടകരുടെ ലഗേജുകള്‍ സൂക്ഷിക്കാന്‍ രണ്ടു പുതിയ കേന്ദ്രങ്ങള്‍ പുതുതായി തുറക്കുകയും, ലഗേജുകള്‍ സ്വീകരിക്കാന്‍ പ്രധാന കവാടങ്ങളില്‍ അടക്കം ആറു കേന്ദ്രങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഹറമില്‍ അഞ്ചു സേവന മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്താന്‍ വളണ്ടിയര്‍മാര്‍ക്കും അവസരമൊരുക്കിയിട്ടുണ്ട്.
തീര്‍ഥാടകരുടെയും വിശ്വാസികളുടെയും മതപരവും സാംസ്‌കാരികവുമായ അനുഭവം മെച്ചപ്പെടുത്താന്‍ ഹറമില്‍ ഫസ്റ്റ് ഹൗസ് എക്‌സിബിഷന്‍ ആരംഭിച്ചിട്ടുണ്ട്. വിശുദ്ധ കഅബാലത്തിന്റെ നിര്‍മാണ ചരിത്രം, കാലാകാലങ്ങളില്‍ കഅബാലയത്തില്‍ നടത്തിയ വികസനം എന്നിവ അടുത്തറിയാന്‍ സഹായിക്കുന്ന എക്‌സിബിഷന്‍ സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. 10 ഭാഷകളിൽ ഇവിടെ സേവനം ലഭ്യമാണ്.