മദീന: ഇന്ത്യയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാതലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ പ്രവർത്തിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ഇന്ത്യയിലെ ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ഇന്നലെ രാത്രി അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന 42 പേരും തൽക്ഷണം മരിച്ചു. 25 കാരനായ അബ്ദുല്‍ ശുഐബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കയില്‍ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.
മൃതദേഹങ്ങളെല്ലാം മദീന കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലാണുള്ളത്. സംഭവം നടന്ന ഉടൻ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒരാളെ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച ഉടൻ ബസ് കത്തിയമരുകയായിരുന്നു എന്നാണ് വിവരം. മലയാളി സാമൂഹിക പ്രവർത്തകർ മദീനയിലെ ആശുപത്രിയിലുണ്ട്.
അതേസമയം, ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു. സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ മന്ത്രി റിയാദ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.



