റിയാദ്– ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141ാം സ്ഥാപകദിനത്തിന്റെ ഭാഗമായി റിയാദ് ഒ.ഐ.സി.സി കേക്ക് മുറിച്ചും പ്രതിജ്ഞാ വാചകം ചൊല്ലിയും ആഘോഷ പരിപാടി സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്ഥാപകദിന പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി മാള മുഹിയുദ്ദീന്‍ ഹാജി കേക്ക് മുറിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 141ാം സ്ഥാപകദിനത്തില്‍, ഭാരതത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കുമെന്ന് പ്രവര്‍ത്തകരും നേതാക്കളും പ്രതിജ്ഞയെടുത്തു. ഭരണഘടനയുടെ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ദുര്‍ബലരുടെയും പീഡിതരുടെയും അവകാശങ്ങള്‍ക്കായി പോരാടുമെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞയില്‍ ഊന്നിപ്പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഈ ദിനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ച് സവാദ് അയത്തില്‍, സൈഫുന്നീസ സിദ്ദീഖ്, സജീര്‍ പൂന്തുറ, ജോണ്‍സണ്‍ മാര്‍ക്കോസ്, സിദ്ദീഖ് കല്ലുപറമ്പന്‍, മാത്യു ജോസഫ്, ഷാജി മടത്തില്‍, നാസര്‍ വലപ്പാട്, രാജു തൃശൂര്‍, അലി ആസാദ് വേങ്ങര, അന്‍സാര്‍ വാഴക്കാട്, മുത്തു വയനാട്, അന്‍സാര്‍ വര്‍ക്കല, സ്മിത മുഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് സ്വാഗതവും സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു.



