ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച ‘സാഹിതീയം’ പ്രതിമാസ പുസ്തകാവതരണവും ചർച്ചയും ശ്രദ്ധേയമായി. മലയാള സാഹിത്യത്തിലെ അനശ്വര കൃതിയായ മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്ത കാലം’, വിശ്വസാഹിത്യത്തിലെ വിപ്ലവാത്മക നോവലായ ജോർജ് ഓർവെല്ലിന്റെ ‘1984’ എന്നീ പുസ്തകങ്ങളാണ് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചർച്ച ചെയ്യപ്പെട്ടത്. സൗദി മലയാളീ സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ സമദ് റഹ്മാൻ കൂടല്ലൂർ ‘നീർമാതളം പൂത്ത കാലം’ എന്ന പുസ്തകം അവതരിപ്പിച്ചു. നിഷ്കളങ്കതയും ഗൃഹാതുരത്വവും നിറഞ്ഞ മാധവിക്കുട്ടിയുടെ വരികൾ 1940-കളിലെ ജീവിതരീതികളെയും ഓർമ്മകളെയും വായനക്കാരിലേക്ക് ഹൃദ്യമായി എത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയുടെ ബാല്യകാല സ്മരണകൾക്ക് അപ്പുറം ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായി ഈ കൃതി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോർജ് ഓർവെല്ലിന്റെ ‘1984’ എന്ന വിഖ്യാത നോവൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ ഷാന അവതരിപ്പിച്ചു. അധികാര ഭ്രമവും സ്വേച്ഛാധിപത്യവും സാധാരണ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ ഞെരിച്ചമർത്തുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഈ നോവലെന്ന് ഫാത്തിമ ചൂണ്ടിക്കാട്ടി. ഭരണകൂട ഭീകരതയെക്കുറിച്ച് ഓർവെൽ എഴുതിയ കാര്യങ്ങൾ കാലമിത്ര കഴിഞ്ഞിട്ടും ലോകസാഹചര്യങ്ങളിൽ പ്രസക്തമായി തുടരുന്നുവെന്നും പുസ്തകാവതരണത്തിൽ ഫാത്തിമ ഷാന അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ പ്രവിശ്യയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാൻ, അഷ്‌റഫ് ആലുവ, ഡോ. രശ്മി ചന്ദ്രൻ, പി.ടി അലവി, ഷിജു കലയപുരം, മുസ്തഫ ഹസൻ, ജ്യോത്സ്ന രഞ്ജിത്ത്, സജിത്ത് രാമകൃഷ്ണൻ, ലീനാ ഉണ്ണികൃഷ്ണൻ, ജോയ് തോമസ് എന്നിവർ പങ്കെടുത്തു. ഡോ. സിന്ധു ബിനു ചർച്ചയുടെ മോഡറേറ്ററായിരുന്നു.
രഞ്ജിത്ത് വടകര, ഷബീർ ചാത്തമംഗലം, ഉണ്ണുണ്ണി ഷിബു, ബിജു ഗോകുലം, നജ്മുസ്‍മാൻ നിലമ്പൂർ തുടങ്ങി നിരവധി സാംസ്കാരിക പ്രവർത്തകരും സമാജം ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. മുരളീധരൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസമാൻ കുളങ്ങരതൊടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷനീബ് അബൂബക്കർ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.



