ജിദ്ദ: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വേർപാടിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അനുസ്മരണ സമ്മേളനവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തന മേഖലകളെ അനുസ്മരിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ കേരളത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായി, അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.


സാധാരണ എം.എസ്. എഫ്. പ്രവർത്തകനായി രാഷ്ട്രീയ ജീവിതം തുടങ്ങി പാർട്ടിയുടെയും സർക്കാരിന്റെയും ഉന്നത പദവികളിലെത്തിയ അദ്ദേഹം, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വമാണ് നൽകിയത്. തെക്കൻ കേരളത്തിൽ സംഘടന പടുത്തുയർത്തുന്നതിൽ അദ്ദേഹത്തിന്റെ സേവനം ശ്രദ്ധേയമാണ്. ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം കാട്ടിയ ജാഗ്രത മാതൃകാപരമായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമെന്ന നിലയിൽ മാധ്യമരംഗത്തും പാർട്ടി ആശയപ്രചാരണത്തിലും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അനുസ്മരണ യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
ജിദ്ദ കെഎംസിസി ആക്ടിങ്ങ് പ്രസിഡണ്ട് സി.കെ. റസാഖ് മാസ്റ്ററുടെ അധ്യക്ഷതയിൽ കെ.എം.സി.സി സൗദി നാഷണൽ ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്‌തു, നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ഇസ്മയിൽ മുണ്ടക്കുളം, മജീദ് പുകയൂർ, കെ എ ടി എഫ് മലപ്പുറം ജില്ല പ്രസിഡന്റ് ഹമീദലി മാസ്റ്റർ, ദമാം മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ, ഹുസൈൻ കരിങ്കറ, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, നസീർ ആലപ്പുഴ, നൗഷാദ് ചപ്പാരപ്പടവ്, റഷീദ് എറണാകുളം, വഹാബ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. മുഹമ്മദലി മുസ്ലിയാർ പ്രാർത്ഥനയും വി പി മുസ്തഫ സ്വാഗതവും പറഞ്ഞു.



