ജിദ്ദ: മസ്‌തിഷ്ക്കാഘാത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഉംറ തീർത്ഥാടകൻ കൊല്ലം ചവറ പുല്ലംവയലിൽ ലൈജു നിവാസിൽ റഷീദ് കുഞ്ഞ് (76) ജിദ്ദ അൽമഹജ്ർ കിംഗ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ നിര്യാതനായി. നാട്ടിൽ നിന്ന് ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ, ജിദ്ദയിൽ ജോലിചെയ്യുന്ന മകൻ ഷൈജുവിന്റെ അടുത്ത് ഇക്കഴിഞ്ഞ സെപ്‌തംബർ 24 നാണ് ഇദ്ദേഹമെത്തിയത്. ഉംറ നിർവഹിച്ചശേഷം മകനോടൊപ്പം ജിദ്ദയിൽ കഴിയുമ്പോഴാണ് അസുഖബാധിതനായത്. മസ്‌തിഷ്ക്കാഘാതത്തെ തുടർന്ന് അൽമഹജ്ർ കിംഗ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. അസുഖ വിവരമറിഞ്ഞ് മക്കളായ ലൈജുവും ബൈജുവും നാട്ടിൽ നിന്ന് ജിദ്ദയിൽ എത്തിയിരുന്നു.
സംസ്ഥാന റവന്യൂ വകുപ്പിൽ ദീർഘകാലം സേവനം അനുഷ്‌ഠിച്ചിട്ടുള്ള ഇദ്ദേഹം കരുനാഗപ്പള്ളി താലൂക്ക് മുൻ ഡെപ്യൂട്ടി തഹസിൽദാരാണ്. കുടുംബത്തിന്റെയും നാട്ടിലെ പ്രവാസികളുടെയും ജിദ്ദയിലെ സാമൂഹിക പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ മൃതദേഹം ഇന്ന് രാവിലെ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കി. റുവൈസ് മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്ക ചടങ്ങിലും നിരവധി പ്രവാസികളും സ്വദേശികളും പങ്കടുത്തു. നൂർനിസയാണ് ഭാര്യ. മക്കൾ: ലൈജു (ആമീസ് പാരഡൈസ്, ചവറ), ബൈജു (പോലീസ് ഐ.ടി വിഭാഗം, തിരുവനന്തപുരം), ഷൈജു (ജിദ്ദ). മരുമക്കൾ: സുമയ്യ (വനം വകുപ്പ് ഉദ്യോഗസ്ഥ), ഡോ.ജാസ്‌മിൻ (ആയുർവേദ കോളജ്, തിരുവനന്തപുരം), സൗഫിയ.
ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.



