ജിദ്ദ- പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇജ്ലു ഇവന്റ് വൈബ്സിന്റെ ബാനറിൽ ‘സമ്മർ ഫെസ്റ്റ് 2025’ എന്ന പേരിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളും സംഗീതനിശയും ജിദ്ദ മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിന്റെ വിശാലമായ ഹാളിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ഇസ്മായിൽ മണ്ണാർക്കാട് (ചെയർമാൻ), റാഫി ബീമാപള്ളി (ജനറൽ കൺവീനർ), റിയാസ് മേലാറ്റൂർ (ഇവന്റ് കോ-ഓർഡിനേറ്റർ) എന്നിവർ ഉൾപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.
ജൂലൈ 5, 11 തീയതികളിൽ നടക്കുന്ന പരിപാടിയുടെ ആദ്യ ദിനത്തിൽ മെഹന്ദി, ചെസ്സ്, കാരംസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തുക. ജൂലൈ 5-ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ചെസ്സ്, കാരംസ്, മെഹന്ദി മത്സരങ്ങൾ ഒരേസമയം നടക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജൂലൈ 11-ന് നടക്കുന്ന മെഗാ ഇവന്റിൽ ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽ തത്സമയം അരങ്ങേറും. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
വേനൽ അവധിക്കാലത്ത് ജിദ്ദയിൽ തങ്ങുന്നവർക്ക് വിനോദത്തോടൊപ്പം സംഗീതം ആസ്വദിക്കാനുള്ള അവസരമാണ് ഈ പരിപാടി. ജിദ്ദയിലെ പ്രശസ്ത ഗായകനും സിനിമാ പിന്നണി ഗായകനുമായ നഈം സിന്ധിയും, ‘പട്ടുറുമാൽ’ ഫെയിം ഷജീറും നയിക്കുന്ന സംഗീതനിശയിൽ പ്രമുഖ ഗായകർ അണിനിരക്കും. കുരുന്നുകളുടെ നൃത്തപരിപാടികളും വേദിയിൽ അരങ്ങേറും. വൈവിധ്യമാർന്ന ഭക്ഷണശാലകൾ ഉൾപ്പെടെ നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
നവീകരണത്തിനുശേഷം തുറന്ന അൽ ഖുബ്ബ ഓഡിറ്റോറിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ ഹാൾ, ഭക്ഷണശാല, വിശാലമായ പാർക്കിങ് സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.
സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ അയൂബ് മുസ്ലിയാരകത്തും ഗെയിംസ് കോ-ഓർഡിനേറ്റർ റമീസ് റാഫിയും മത്സരങ്ങൾ നിയന്ത്രിക്കും. മെഹന്ദി മത്സരങ്ങൾക്ക് മൗഷ്മി ഷെരീഫ്, സബീന റാഫി, ഷമീം അയൂബ്, ഡോ. ഇന്ദു ചന്ദ്ര എന്നിവർ മേൽനോട്ടം വഹിക്കും. നൗഷാദ് ചാത്തല്ലൂർ, താജ് മണ്ണാർക്കാട് എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യും. മൻസൂർ വയനാട് (കൾച്ചറൽ കോ-ഓർഡിനേറ്റർ), മുഹമ്മദ് റാഫി ആലുവ (മീഡിയ കോ-ഓർഡിനേറ്റർ) എന്നിവർ ഉത്തരവാദിത്തങ്ങൾ വഹിക്കും.
പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സാന്നിധ്യവും സംഘാടകർ അഭ്യർത്ഥിച്ചു. പ്രവേശനം പൂർണമായും സൗജന്യമാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ:
- ചെസ്സ്/കാരംസ് മത്സരങ്ങൾ: 0539374661
- മെഹന്ദി മത്സരങ്ങൾ: 0558763128
രജിസ്ട്രേഷൻ: മത്സരാർത്ഥികൾ താഴെ കൊടുത്ത ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം: https://forms.gle/PNqe5TgUGGR426m38