ജിദ്ദ- ദൽഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിമിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പ് നൽകി. ജിദ്ദയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ ഔദ്യോഗിക് വിവരങ്ങൾ മാധ്യമ സ്ഥാപനങ്ങൾ വഴി കൈമാറുന്നതിൽ പ്രസ് കോൺസുൽ മുഹമ്മദ് ഹാഷിം നൽകിയ സേവനങ്ങൾക്ക് മീഡിയ ഫോറം ഭാരവാഹികൾ നന്ദി പറഞ്ഞു.
ജിദ്ദയിലെ മാധ്യമ സമൂഹം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ഇത് പ്രവാസികൾക്ക് ഏറെ ഗുണകരമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി(മീഡിയ വൺ) ഉപഹാരം കൈമാറി. ജോയിന്റ് സെക്രട്ടറി കെ.സി ഗഫൂർ (ദേശാഭിമാനി) വൈസ് പ്രസിഡന്റ് വഹീദ് സമാൻ( ദ മലയാളം ന്യൂസ്) എൻ.എം സ്വാലിഹ് (ദ മലയാളം ന്യൂസ്)എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.



