റിയാദ്: കേളി കലാസാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അൽ ഖർജ് ഏരിയ സംഘടിപ്പിച്ച ‘കേളി സോക്കർ-3 – 2026’ മൂന്നാമത് ഏകദിന ഫുട്ബോൾ ടൂർണമെന്റിൽ അൽ ഖർജ് സോഫ ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഖരിയ ബ്രോസ്റ്റഡ് അൽ ഖർജ് ടൗൺ കെ.എം.സി.സി.യെ കീഴടക്കിയാണ് സോഫ ഗ്രൂപ്പ് കിരീടമണിഞ്ഞത്.
അൽ ഖർജ് ആലിയ ഗ്രൗണ്ടിൽ വ്യാഴാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ അഞ്ചു വരെ നീണ്ടുനിന്നു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ആറ് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
ആദ്യ സെമിഫൈനലിൽ പീപ്പിൾസ് കൾച്ചറൽ ഫോറത്തെ 3-1ന് തോൽപ്പിച്ചാണ് ഖരിയ ബ്രോസ്റ്റഡ് ഫൈനലിലേക്ക് മുന്നേറിയത്. രണ്ടാം സെമിയിൽ അൽ ഖർജ് നൈറ്റ് റൈഡേഴ്സ് എഫ്.സി.യെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-2) മറികടന്നാണ് അൽ ഖർജ് സോഫ ഗ്രൂപ്പ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഷെറീഫ്, സമദ്, റാസിക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സമാപനച്ചടങ്ങിൽ ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫി അൽ ഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും, ക്യാഷ് അവാർഡ് ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാമും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി കേളി കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതിയും, ക്യാഷ് അവാർഡ് ഏരിയ ട്രഷറർ ജയൻ പെരുനാടും കൈമാറി.
സൈതലവി മുംതാസ്, ഡോ. നാസർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, സെക്രട്ടേറിയറ്റ് അംഗങ്ങളായ രജീഷ് പിണറായി, കാഹിം ചേളാരി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
റഷീദലി (കൺവീനർ), അബ്ദുൾ കലാം (ചെയർമാൻ), ഗോപാൽ ചെങ്ങന്നൂർ (ഫിനാൻസ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിലുള്ള 31 അംഗ സംഘാടക സമിതിയാണ് ടൂർണമെന്റ് ഏകോപിപ്പിച്ചത്. ഷബി അബ്ദുൽസലാം സ്വാഗതവും ജ്യോതിലാൽ നന്ദിയും പറഞ്ഞു.






