ജിദ്ദ: മലയാള സിനിമയുടെ ഭാഷയും ഭാവവും സാമൂഹിക ബോധവും പുതുക്കിപ്പണിത അതുല്യ പ്രതിഭ ശ്രീനിവാസന്റെ വേർപാടിൽ ആദരമർപ്പിച്ച് ജിദ്ദയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എഴുത്തുകാരൻ, സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ അദ്ദേഹത്തിന്റെ സ്മരണ പുതുക്കാൻ പ്രവാസലോകത്തെ നിരവധി സിനിമ-സാംസ്‌കാരിക പ്രവർത്തകർ ഒത്തുചേർന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് നൗഷാദ് ആലത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനിവാസൻ വെറുമൊരു കലാകാരൻ മാത്രമല്ല, മലയാള സിനിമയുടെ ആത്മാവിനെ രൂപപ്പെടുത്തിയ ദീർഘദർശിയായ ചിന്തകനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹാസ്യത്തിന്റെ മറവിൽ സാമൂഹിക യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി ആവിഷ്കരിച്ച ശ്രീനിവാസന്റെ സിനിമകൾ മലയാളികൾക്ക് എന്നും പാഠപുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകൻ അഷ്റഫ് തൂണേരി ചടങ്ങിൽ സംസാരിച്ചു.


ശ്രീനിവാസനോടൊപ്പം ‘അയാൾ ശശി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചപ്പോഴുണ്ടായ ഹൃദ്യമായ അനുഭവങ്ങൾ അലി അരിക്കത്ത് സമ്മേളനത്തിൽ പങ്കുവെച്ചു. തന്റെ ചലച്ചിത്ര ജീവിതത്തിലെ വലിയൊരു പാഠശാലയായിരുന്നു ആ കാലഘട്ടമെന്നും ശ്രീനിവാസന്റെ ക്രാഫ്റ്റും വ്യക്തിത്വവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് മുക്കണ്ണി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘ആലയം’ എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനവും നടന്നു.


ചടങ്ങിൽ അബ്ദുള്ള മുക്കണ്ണി, സോഫിയ സുനിൽ, സഹീർ വലപ്പാട്, അനീസ് ബാബു, റിമി ഹരീഷ്, ശ്രീത അനിൽകുമാർ, താഹിറ അബ്ദുള്ള, റൈഹാനത്ത് സഹീർ, നജീബ് വെഞ്ഞാറമൂട്, അഫ്സൽ നാരാണത്ത്, സന്തോഷ് കരിം, ഷൗക്കത്ത് അരിക്കത്ത്, ബിജുരാജ് രാമന്തളി, അദ്നു ഷബീർ തുടങ്ങിയവർ പങ്കെടുത്തു.



