ജിദ്ദ– തായിഫ്, യാമ്പു, റിയാദ് എന്നിവിടങ്ങള്‍ ലക്ഷ്യമാക്കി ഹൂത്തി തീവ്രവാദികള്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണ ശ്രമങ്ങളും കിഴക്കന്‍ പ്രവിശ്യയിലെ ഡ്രോണ്‍ ആക്രമണവും സഖ്യസേന വിജയകരമായി വിഫലമാപ്പിച്ചു.
തായിഫിനും യാമ്പുവിനും നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് സഖ്യസേന തടഞ്ഞു തകർക്കുകയായിരുന്നു. റിയാദിനു നേരെ പുലര്‍ച്ചെ തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈലും കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഡ്രോണും സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ആക്രമണ സാധ്യത കണക്കിലെടുത്ത് റിയാദ്, നജ്റാന്, വാദിദവാസിര്‍, മക്ക, ജിദ്ദ, തായിഫ്, യാമ്പു എന്നിവിടങ്ങളില്‍ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് പുലര്‍ച്ചെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ മക്ക, ജിദ്ദ, തായിഫ്, യാമ്പു എന്നീ നഗരങ്ങളിലെ അപകട സാധ്യത പൂര്‍ണ്ണമായും ഒഴിഞ്ഞുപോയതായി സിവില്‍ ഡിഫന്‍സ് അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സിവില്‍ ഡിഫന്‍സിന്റെ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ഊന്നിപ്പറഞ്ഞു. ആക്രമണങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലോ ബാധിത പ്രദേശങ്ങളിലോ ആളുകള്‍ കൂട്ടംകൂടുന്നതും ഫോട്ടോയെടുക്കുന്നതും ഒഴിവാക്കണം. ഇത്തരം പ്രവൃത്തികള്‍ സ്വന്തം ജീവന് ആപത്താവുകയും രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി 911 എന്ന ഏകീകൃത നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



