റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 21-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മൈത്രി കേരളീയം 2026’ ഒക്ടോബര്‍ 30ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് എക്‌സിറ്റ് 28-ലെ മാര്‍ക്ക് ആന്‍ഡ് സേവ് ഫ്‌ലമിംഗോ പാര്‍ക്ക്മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഈ വര്‍ഷത്തെ ‘മൈത്രി കേരളീയം കര്‍മ്മ’ പുരസ്‌കാരം കേരള സര്‍ക്കാരിന്റെ വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് സമ്മാനിക്കും. ചടങ്ങില്‍ മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും.
റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായി 2005-ല്‍ രൂപം കൊണ്ട മൈത്രി, രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമാണ്. അശരണര്‍ക്കും രോഗികള്‍ക്കും നിര്‍ധനര്‍ക്കും വിവിധ ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിനൊപ്പം, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ആവശ്യമായ കൈത്താങ്ങുമായി സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മൈത്രിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദേശഭേദമില്ലാതെ റിയാദിലെ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
‘മൈത്രി കേരളീയം 2026’-ന്റെ ഭാഗമായി അതിഥി ഗായികയ്‌ക്കൊപ്പം റിയാദിലെ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും. റിയാദിലെ പ്രവാസി കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമാകും. പരിപാടിയിലേക്ക് ഏവര്‍ക്കും സൗജന്യമായി പ്രവേശനം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.







