റിയാദ്: മലപ്പുറം പെരിന്തല്‍മണ്ണ, വഴിക്കടവ് സ്വദേശികള്‍ റിയാദില്‍ നിര്യാതരായി. വഴിക്കടവ് സ്വദേശി ദേവര്‍തൊടിക റസാഖ് (54), പെരിന്തല്‍മണ്ണ വലംബൂര്‍ സ്വദേശിയും ചെറുകരയില്‍ താമസക്കാരനുമായ പാലക്കപറമ്പ് വീട്ടില്‍ പ്രസാദ് (57) എന്നിവരാണ് മരിച്ചത്.
ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് റസാഖ് നിര്യാതനായത്.
ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടും റൂമില്‍ വരാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ അന്വേഷിച്ച് ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് റെഡ്ക്രസന്റ് അധികൃതരും പോലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാപിതാക്കള്‍: പരേതനായ കുഞ്ഞാലന്‍, കുഞ്ഞിപ്പാത്തു. ഭാര്യ: റൈഹാനത്ത്. മക്കള്‍: മിദ്‌ലാജ്(റിയാദ്), മിന്‍ഹാജ്, മുഹ്താര്‍, യാസീന്‍.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാല്‍, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂര്‍, അബ്ദുറമാന്‍ ചേലമ്പ്ര, അറ്റോര്‍ണിയായി സുഹൃത്ത് അസ്‌കര്‍ എന്നിവര്‍ രംഗത്തുണ്ട്.
ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന പ്രസാദ് താമസ സ്ഥലത്ത് ഹൃദയാഘാതം മൂലമാണ് നിര്യാതനായത്. സ്‌പോണ്‍സര്‍ പ്രസാദിനെ താമസസ്ഥലത്ത് അബോധവസ്ഥയില്‍ കാണുകയും തുടര്‍ന്ന് റെഡ്ക്രസന്റ് അധികൃതരും പോലീസുമെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവിവരമറിഞ്ഞ് ദമാമിലുള്ള മകന്‍ അനിരുദ്ധ് റിയാദില്‍ എത്തിയിട്ടുണ്ട്. ഭാര്യ:ബിന്ദു. മക്കള്‍: അര്‍ജുന്‍, അനിരുദ്ധ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ക്കൊപ്പം ബന്ധുവായ ശശി കട്ടുപ്പാറ, ഷാജി എന്നിവരുമുണ്ട്.







