ജിദ്ദ: ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും ഭീഷണി ഉയർത്തുന്ന ഭരണകൂട നിലപാടുകൾക്ക് തടയിടാൻ ആർജ്ജവമുള്ള ചോദ്യങ്ങളുമായി കടന്നുവന്ന ‘ജെൻസി’ (Gen Z) തലമുറ ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രസ്താവിച്ചു. പ്രവാസലോകത്തെ ഈ പുതിയ തലമുറയുടെ കർമ്മശേഷി സാമൂഹിക സേവന രംഗത്ത് പ്രയോജനപ്പെടുത്താൻ ജിദ്ദ കെ.എം.സി.സി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദയിലെത്തിയ നവാഗതരായ പ്രവാസികളെ സംഘടനയുടെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘നവാഗത സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും താനൂർ എം.എൽ.എയുമായ പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാസമ്പന്നരായ പുതിയ തലമുറ മുസ്ലിം ലീഗ് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫ് നേടിയ തകർപ്പൻ വിജയമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസത്തിന്റെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ യുവതലമുറ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അരുവി മോങ്ങം കവിത ആലപിച്ച ചടങ്ങിൽ വി.പി. മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഡോ. അഹമ്മദ് ആലുങ്ങൽ, ഇമ്രാൻ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണ സെഷനിൽ അബീർ മെഡിക്കൽ സെന്ററിലെ ഡോ. അഹമ്മദ് കബീർ “അന്നം തേടി വന്നവർ ആരോഗ്യം ശ്രദ്ധിക്കണം” എന്ന വിഷയത്തിൽ സംസാരിച്ചു. എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇസഹാക്ക് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട തുടങ്ങിയ പ്രമുഖ കെ.എം.സി.സി നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.







