ജിദ്ദ- ജിദ്ദ കളിയാരവങ്ങളിലേക്കുണർന്നു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൂപ്പർ സെവൻസ് ഫുട്ബോളിന്റെ പ്രഖ്യാപനം പ്രൗഢമായ ചടങ്ങിൽ നടന്നു. സെപ്റ്റംബർ 19 നു ജിദ്ദ മഹ്ജർ എംബറർ സ്റ്റേഡിയത്തിൽ തുടക്കമാകുന്ന ഫുട്ബോൾ മാമാങ്കം ഒരുമാസം നീണ്ടു നിൽക്കും. “ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 ഫുട്ബോൾ” മത്സരത്തിന്റെ ട്രോഫി അനാച്ഛാദനവും ഫിക്സ്ചർ റിലീസിങ്ങും വൻ ജനാവലിയുടെയും ജിദ്ദയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ കമ്മിറ്റികളിലെ കെ.എം.സി.സി ഭാരവാഹികൾ , രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ , ജിദ്ദ വനിതാ കെഎംസിസി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക , ജീവ കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം പ്രവാസി യുവാക്കൾക്കിടയിൽ സ്‌പോർട്‌സ്മാൻഷിപ്പ്, ടീം വർക്ക്, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവ പ്രോത്സാഹിപ്പിക്കുക, പ്രവാസികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിച്ചു ഉല്ലസിക്കാൻ അവസരമൊരുക്കുക, സംഘടനാ പ്രവർത്തകരെ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജിദ്ദയിൽ കെഎംസിസി വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ മുന്നോട്ടു വരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


ദീർഘകാലം വിദേശകാര്യ സഹമന്ത്രിയായും, നിരവധി തവണ ഇന്ത്യയുടെ പ്രതിനിധിയായി ഐക്യ രാഷ്ട്ര സഭയിൽ രാജ്യത്തിന് വേണ്ടി ശബ്‌ദിക്കുകയും ചെയ്ത മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദ് സാഹിബിന്റെ നാമധേയത്തിലാണ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ജിദ്ദയിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന ടൂർണ്ണമെന്റ് കൂടിയാണിത്. 35000 റിയാലാണ് ആകെ സമ്മാനതുക. രണ്ടു പൂളുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ഒരുഭാഗത്ത് സൗദിയിലെ എട്ടു മേജർ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം നടക്കും. മറുഭാഗത്ത് ജിദ്ദ കെഎംസിസി യുടെ കീഴിലെ 7 ജില്ലാ കമ്മിറ്റികൾ തമ്മിലുള്ള മത്സരവും നടക്കും.


ഉദ്ഘാടനത്തോടനുബന്ധിച്ചു ജിദ്ദയിലെ കെ.എം.സി.സി ഏരിയ, ജില്ല പഞ്ചായത്തുകളുടെ ബാനറുകളുടെ കീഴിൽ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും അണിനിരക്കുന്ന മാർച്ച് പാസ്റ്റ് നടക്കും. ഒക്ടോബർ 10 നു ഫൈനൽ അരങ്ങേറും.
ഫിക്സ്ചർ റിലീസിംഗിൽ ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവ അധ്യക്ഷത വഹിച്ചു. ഫിക്സ്ചർ റിലീസിംഗ് ജെ.എൻ.എച്ച് മാനേജിംഗ് ഡയറക്ടർ വി.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര, നിസാം മമ്പാട്, നാസർ വെളിയങ്കോട്, ഹക്കീം പാറക്കൽ, ഷിബു തിരുവനന്തപുരം, കെ ടി എ മുനീർ, ഇസ്മായിൽ മുണ്ടകുളം, സി കെ എ റസാഖ് മാസ്റ്റർ, സി എച്ച് ബഷീർ, സക്കറിയ ആറളം, പ്രധാന സ്പോണ്സർമാരായ സിബിൽ എ.ബി.സി കാർഗോ, മുസ്തഫ മൂപ്ര വിജയ് മസാല, സുനീർ (അർകാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവർ ആശംസകൾ അർപ്പിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതം പറഞ്ഞു. സുബൈർ വട്ടോളി, ഷൗക്കത്ത് ഞാറക്കോടൻ, ഇസ്ഹാഖ് പൂണ്ടോളി, അബു കട്ടുപ്പാറ, ഫത്താഹ് താനൂർ, അഷ്‌റഫ് താഴേക്കോട് എന്നിവർ പ്രസംഗിച്ചു.