റിയാദ്: ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ അമ്പാടി വീട്ടിൽ സുനിൽ കുമാർ (57) നിര്യാതനായി. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.
കഴിഞ്ഞ വർഷം ജൂലൈ 25-ന് ജോലിക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് സുനിൽ കുമാറിനെ റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പക്ഷാഘാതം (സ്ട്രോക്ക്) സ്ഥിരീകരിച്ചു. തുടർന്ന് നില വഷളായതോടെ ദീർഘനാൾ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഏപ്രിൽ 30-ന് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്ന കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയാണ് ഇന്ന് മരണം സംഭവിച്ചത്.
സുനിൽ കുമാറിന്റെ ചികിത്സാ കാര്യങ്ങളിലും നാട്ടിലേക്ക് മടക്കുന്നതിനുള്ള നടപടികളിലും തുടക്കം മുതൽ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് സജീവമായി രംഗത്തുണ്ടായിരുന്നു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ട്രഷറർ റാഷിദ് ദയ നിരന്തരം കുടുംബവുമായി ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ ആശ്വാസവും പിന്തുണയും നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ എംബസിയുമായും ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ട് വെന്റിലേറ്റർ സംവിധാനത്തോടെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള എക്സിറ്റ് നടപടികൾ കെ.എം.സി.സി പൂർത്തിയാക്കി വരികയായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വെന്റിലേറ്റർ ചികിത്സ തുടരേണ്ടി വരികയും ഒടുവിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
പരേതനായ ഉണ്ണി കോഴിശ്ശേരിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഷാനി. മക്കൾ: ആദർശ്, ദൃശ്യ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സലീം സിയാംകണ്ടം, ജാഫർ വീമ്പൂർ, അബ്ദു റഹ്മാൻ ചേലമ്പ്ര, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.



