റിയാദ്: മാസങ്ങളായി റിയാദിലെ ബത്ഹയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുനടന്നിരുന്ന തൃശൂർ പാലക്കൽ സ്വദേശി തോമസ് ടിൻസൺ (40) മരിച്ചു. ബത്ഹയിലെ ഷിഫാ അൽജസീറ ക്ലിനിക് കെട്ടിടത്തിന് താഴെയുള്ള വരാന്തയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവിടെയായിരുന്നു ഇദ്ദേഹം കഴിഞ്ഞുകൂടിയിരുന്നത്.
ജോലിയോ വരുമാനമോ ഇല്ലാതിരുന്ന ടിൻസൺ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കാരുണ്യത്തിലാണ് ജീവിച്ചിരുന്നത്. മുൻപ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം, അവിടെനിന്ന് ഇറങ്ങി നഗരത്തിൽ അലഞ്ഞുതിരിയുകയായിരുന്നു. വിവരം അറിഞ്ഞ സാമൂഹിക പ്രവർത്തകർ ബത്ഹയിൽ എത്തിച്ച് താമസസൗകര്യം ഏർപ്പെടുത്തി നൽകിയെങ്കിലും അത് സ്വീകരിക്കാൻ ഇദ്ദേഹം തയ്യാറായില്ല. തുടർന്ന് വീണ്ടും തെരുവിൽ അലയുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും കൈവശം പാസ്‌പോർട്ടോ ഇഖാമയോ ഉണ്ടായിരുന്നില്ല. രണ്ടു വർഷമായി സ്പോൺസറുമായും യാതൊരു ബന്ധവുമില്ലായിരുന്നു. ഇദ്ദേഹത്തിന് ആവശ്യമായ യാത്രാരേഖകൾ ശരിയാക്കാൻ സാമൂഹിക പ്രവർത്തകർ ശ്രമിച്ചുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സൗദി റെഡ് ക്രസന്റിന്റെ സഹായത്തോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലുള്ള വളണ്ടിയർമാർ ചെയ്തുവരുന്നു.







