ജിദ്ദ- ജിദ്ദയിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതി ഇരുപത്തിയൊൻപതാമത് വാർഷികം ആഘോഷിക്കുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തങ്ങളും ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി എ. പി. ജെ അബ്ദുൽ കലാമിന്റെ ജീവിതം ചിത്രീകരിക്കുന്ന പ്രസന്റേഷനുമായിരിക്കും വാർഷികാഘോഷത്തിന്റെ പ്രത്യേകത. ഭരതനാട്യം, കുച്ചുപ്പിടി, കഥക്, ബോളിവുഡ് ഡാൻസ് തുടങ്ങിയ നൃത്തരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് ഇന്ത്യ എന്ന പ്രോഗ്രാമിന്റെ സീസൺ ഫോർ ആണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. കലാസാഹിതി കുടുംബത്തിലെ കുട്ടികൾ ആയിരിക്കും പ്രധാനമായും നൃത്തങ്ങൾ അവതരിപ്പിക്കുന്നത്. നൃത്തങ്ങൾ ചിട്ടപ്പെടുത്തിയതും കലാസാഹിതി കുടുംബത്തിലെ കൊറിയോഗ്രാഫർമാരാണ്.
നാട്ടിൽ നിന്നെത്തുന്ന പ്രസിദ്ധ യുവ ഗായകരായ ലിബിൻ സ്കറിയ, രേഷ്മ രാഘവേന്ദ്ര എന്നിവരുടെ സംഗീത മേളയാണ് കലാസാഹിതി കളേഴ്സ് ഓഫ് ഇന്ത്യയുടെ മുഖ്യ ആകർഷണം. ഷാറുഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളോടൊപ്പം റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള, ന്യൂജൻ ഗായിക രേഷ്മയും യുവതയുടെ ഹരമായ ലിബിനും ജിദ്ദയിലെ സഹൃദയർക്ക് പുതിയ സംഗീതാനുഭവം പകരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കലാസാഹിതി പ്രസിഡന്റ് ഷാനവാസ് കൊല്ലം, സെക്രട്ടറി മാത്യു വർഗീസ്, പ്രോഗ്രാം കൺവീനർ സജി കുര്യാക്കോസ്, ഫിനാൻസ് കൺവീനർ അഷ്‌റഫ് കുന്നത്ത്, പേട്രൺ മുസാഫിർ, മോഹൻ ബാലൻ എന്നിവർ പങ്കെടുത്തു.



