ജിദ്ദ- സൗദി അറേബ്യയിലെ പ്രമുഖ സി.ബി.എസ്.ഇ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂളിന്റെ ഗേൾസ് സെക്ഷനുവേണ്ടി പുതുതായി സജ്ജീകരിച്ച കാമ്പസിന്റെ ഉദ്ഘാടനം പി.വി. അബ്ദുൽ വഹാബ് എം.പി നിർവഹിച്ചു.
പ്രവാസലോകത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പുതിയ കാമ്പസ് വലിയ മുതൽക്കൂട്ടാകുമെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ നേട്ടം സ്കൂളിന് പ്രചോദനമാകുമെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു. സ്വന്തമായി കാമ്പസുള്ള ജിദ്ദയിലെ ആദ്യ സി.ബി.എസ്.ഇ സ്കൂൾ എന്ന ചരിത്രനേട്ടത്തോടെയാണ് ന്യൂ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നത്.
സ്കൂൾ ജനറൽ മാനേജർ എസ്.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ വി.പി. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
മാനേജിംഗ് പാർട്ണർ അഹമ്മദ് ഷായ അൽ അസ്മരി, ബ്രിഡ്ജ്വേ മാനേജ്മെന്റ് സി.ഇ.ഒ എ.എം. അഷ്റഫ്, ഗ്രൂപ്പ് മാനേജർ റാസി ഷെയ്ക് പരീത്, വൈസ് പ്രിൻസിപ്പൽ സജിത എം. സുരേഷ്, ഹെഡ്മാസ്റ്റർ സി.കെ. സൈഫുദ്ദീൻ, പ്രമുഖ പ്രവാസി സംരംഭകരായ അബ്ദുറഹീം പട്ടർകടവൻ, സലീം മുല്ലവീട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സീനിയർ പ്രിൻസിപ്പൽ ഭുവനേശ്വരി സുബ്രഹ്മണ്യം സ്വാഗതവും ഡെപ്യൂട്ടി ഗ്രൂപ്പ് മാനേജർ അനീസ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി.



