റിയാദ്- ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള റോഡ്മാപ്പിലും സമാധാന പദ്ധതിയിലും യെമന്‍ സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ ഹൂത്തികള്‍ സമ്മതിച്ചാല്‍ യെമനിലെ യുദ്ധം നാളെ അവസാനിക്കുമെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഇറാന് പിന്തുണയുള്ള ഹൂത്തി ഗ്രൂപ്പിനെ ചര്‍ച്ചാ മേശയിലെത്തിക്കുന്നതിന് നിര്‍ബന്ധിക്കാന്‍ ആവശ്യമായിടത്തോളം കാലം സഖ്യസേന സൈനിക സമ്മര്‍ദ്ദം തുടരുമെന്ന് റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില്‍ അല്‍മാലികി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും നല്ല പരിഹാരം രാഷ്ട്രീയ പരിഹാരമാണ്. പക്ഷേ, ലക്ഷ്യം കൈവരിക്കാന്‍ യെമന്‍ സര്‍ക്കാരിനെ പിന്തുണക്കേണ്ടതുണ്ട്. മിസൈലുകളും ഡ്രോണുകളും തകര്‍ക്കാനുള്ള ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ ക്ഷാമം സൗദി അറേബ്യ നേരിടുന്നില്ല. സൗദി അറേബ്യക്ക് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.
നിയമാനുസൃത യെമന്‍ സര്‍ക്കാരിന്റെ തല്ക്കാലിക തലസ്ഥാനമായ ഏദന്‍ ചുവന്ന രേഖയായി തുടരും.
ഏദനെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സഖ്യസേന സ്വീകരിക്കും. ബാലിസ്റ്റിക് മിസൈലുകള്‍ പൊളിച്ചുമാറ്റുകയും നശിപ്പിക്കുകയും ചെയ്യുക, മിസൈല്‍ ലോഞ്ചറുകളും ഡ്രോണുകളും നശിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ സഖ്യസേന കൈവരിക്കുന്നുണ്ട്. ഹൂത്തി മിലീഷ്യകള്‍ക്കെതിരെ സൈനിക സമ്മര്‍ദ്ദം സഖ്യസേന തുടരുമെന്നും യെമന്‍ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പിന്തുണ നല്‍കുന്നത് തുടരുമെന്നും അല്‍മാലികി വ്യക്തമാക്കി.



