ജിദ്ദ: കുരുന്നുകളുടെ സർഗ്ഗവിസ്മയങ്ങൾക്കും മാറ്റുരച്ച മത്സരവീര്യത്തിനും സാക്ഷ്യം വഹിച്ച് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ സെന്റർ വാർഷിക ആർട്സ് ഫെസ്റ്റ് (2025-26) സമാപിച്ചു. സർഗ്ഗശേഷിയുടെയും തനിമയുടെയും വർണ്ണപ്പൊലിമ ചാലിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഓഡിറ്റോറിയത്തിന് നവ്യാനുഭവമായി. ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് അബ്ബാസ് ചെമ്പൻ മേള ഉദ്ഘാടനം ചെയ്തു. സമാധാനവും ധർമ്മനിഷ്ഠയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ ഇബ്നു തൈമിയ സെൻ്റർ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാല് ഹൗസുകളിലായി തിരിഞ്ഞ് നടന്ന വാശിയേറിയ മത്സരങ്ങളിൽ ആൺകുട്ടികളിൽ 132 പോയിൻ്റ് നേടി ബ്ലൂ ഹൗസും, പെൺകുട്ടികളിൽ 148 പോയിൻ്റ് നേടി യെല്ലോ ഹൗസും ചാമ്പ്യന്മാരായി. വ്യക്തിഗത ചാമ്പ്യന്മാരായി സയാൻ സിയാദ് (സീനിയർ ആൺകുട്ടികൾ), അയ്മൻ ആഷിഖ് (ജൂനിയർ ആൺകുട്ടികൾ), റുവാ ഹനീൻ (സീനിയർ പെൺകുട്ടികൾ), സൈനബ് സറിൻ (ജൂനിയർ പെൺകുട്ടികൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
കിഡ്‌സ് വിഭാഗം അവതരിപ്പിച്ച അറബിക് നഷീദ്, ഒപ്പന, കോൽക്കളി എന്നിവ കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. മതപഠനത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസവും സ്വായത്തമാക്കിയ അൽ ഫിത്റ പ്രീ-സ്കൂൾ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
ഖുർആൻ ഹിഫ്ള്, പ്രസംഗം, ഗാനാലാപനം തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമെ കയ്യെഴുത്ത്, കഥാരചന, ബാങ്ക് വിളി തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളിലും വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ജമാൽ പാഷ, സോഫിയ സുനിൽ, അഹ്‌മദ് കുറ്റൂർ എന്നിവരടങ്ങിയ വിപുലമായ പാനലായിരുന്നു വിധിനിർണ്ണയം നടത്തിയത്. വിജയികൾക്കും കെ.എൻ.എം ഗൾഫ് സെക്ടർ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുമുള്ള പുരസ്കാരങ്ങൾ പി.ടി.എം.എ പ്രസിഡൻ്റ് ആരിഫ് കൊല്ലം, ഇസ്‌ലാഹി സെൻ്റർ ഭാരവാഹികൾ തുടങ്ങിയവർ വിതരണം ചെയ്തു. സർഗ്ഗശേഷി ധാർമ്മികമായി വിനിയോഗിക്കുന്ന തലമുറയെ വളർത്തുകയാണ് ലക്ഷ്യമെന്ന് നൂരിഷ വള്ളിക്കുന്ന് പറഞ്ഞു. പ്രിൻസിപ്പൽ ശിഹാബ് സലഫി പരിപാടികൾ നിയന്ത്രിച്ചു.



