ജിദ്ദ- പ്രവാസി വായനാ പ്രേമികള്‍ക്കായി വേറിട്ട പുസ്തക ലോകമൊരുക്കി ഫോക്കസ് ഇന്റര്‍നാഷനല്‍ ജിദ്ദ സംഘടിപ്പിക്കുന്ന ബുക്ക് ഹറാജ് മൂന്നാം പതിപ്പ് ശനിയാഴ്ച അരങ്ങേറും. ശറഫിയയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 11 മണിവരെയാണ് ഈ വേറിട്ട പുസ്തകോത്സവം. മിതമായ നിരക്കില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാനും, വായിച്ചു തീര്‍ന്നവ മറ്റുള്ളവര്‍ക്ക് കൈമാറാനുമുള്ള വേദി ആയാണ് ബുക്ക് ഹറാജ് വിഭാവനം ചെയ്തിരിക്കുന്നത്. വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍ വില്‍ക്കുവാനും വായനക്കാര്‍ക്ക് അവസരമുണ്ട്. ഇത്തവണ പഴയതും പുതിയതും ഉള്‍പ്പെടെ രണ്ടായിരത്തോളം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ ഈ പുസ്തകോത്സവത്തിനായി പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അക്കാഡമിക് പുസ്തകങ്ങളും ഗൈഡുകളും, ബാലസാഹിത്യ രചനകളും ലഭ്യമായിരിക്കും. പ്രാവാസി എഴുത്തുകാരുടേതും രാജ്യാന്തര എഴുത്തുകാരുടേതുമായി പുതിയ പുസ്തകങ്ങളും ഇവിടെ ലഭ്യമായിരിക്കും.
മുന്‍ വര്‍ഷങ്ങളില്‍ ജിദ്ദയിലെ പുസ്തക പ്രേമികളില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതല്‍ നൂതനാശങ്ങളോടെ ഇത്തവണയും ബുക്ക് ഹറാജ് സംഘടിപ്പിക്കാന്‍ പ്രചോദനമായതെന്ന് സംഘാടകര്‍ പറഞ്ഞു. കാപ്പി വിത്തിന്റെ കഥ പറയുന്ന ബുക്ക് എ കോഫി കോര്‍ണര്‍, ചിത്രകലയും കലിഗ്രഫിയും ഇഷ്ടപ്പെടുന്നവര്‍ക്കായി ആര്‍ടിബിഷന്‍, ആകാശപ്പറക്കല്‍ ചരിത്ര വിശേഷം, ഓപ്പണ്‍ കാന്‍വാസ്, വായനയുടെ രുചിഭേദങ്ങളുമായി ബുക്‌സ്‌ടോറന്റ് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന വ്യത്യസ്ത പരിപാടികളാണ് ബുക്ക് ഹറാജിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സലാഹ് കാരാടന്‍, കണ്‍വീനര്‍ റഷാദ് കരുമാര, പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പട്ടാമ്പി, ജൈസല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ അറിയിച്ചു.



