ജിദ്ദ: പ്രവാസി വനിതകളുടെ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജിദ്ദയിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ‘എംപവറിങ് വിമൻസ് അലയൻസ്’ (EWA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിഹാബിലെ പാർക്കിൽ നടന്ന വിരുന്നിൽ ജിദ്ദയിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരും കുടുംബിനികളുമായ നിരവധി അംഗങ്ങൾ പങ്കെടുത്തു.


പ്രശസ്ത ഗായികയും സാമൂഹിക പ്രവർത്തകയുമായ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ രണ്ടു വർഷം മുമ്പ് രൂപീകൃതമായ ഈ സംഘടന, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ജിദ്ദയിലെ സജീവ സാംസ്‌കാരിക സാന്നിധ്യമായി മാറിയിട്ടുണ്ട്. സംഗമത്തിന് കോർഡിനേറ്റർമാരായ സബീന റാഫി, ജ്യോതി ബാബുകുമാർ, സാബിറ മജീദ് എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ വീടുകളിൽ നിന്ന് സ്വയം തയ്യാറാക്കിയ വിഭവങ്ങൾ വിരുന്നിന് കൂടുതൽ രുചിയേകി.


മറിയം റോസ് ടീച്ചർ റമദാൻ സന്ദേശം നൽകി. സോഫിയ സുനിൽ നന്ദി പറഞ്ഞു. അംഗങ്ങളുടെ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും ഇഫ്താർ ഒരുക്കങ്ങളിൽ സജീവമായി സഹകരിച്ചു.



