റിയാദ്– ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പോദ്യാനമായ ‘ബുളിവാർഡ് ഫ്ളവേഴ്സ്’ റിയാദിൽ സന്ദർശകർക്കായി തുറന്നു. പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് റോഡിൽ ബുളിവാർഡ് വേൾഡിന് എതിർവശത്തായി 2,14,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ വസന്തലോകം ഒരുക്കിയിരിക്കുന്നത്. പ്രകൃതിയും കലയും വിനോദവും ഒത്തുചേരുന്ന ഈ ഉദ്യാനത്തിന്റെ പ്രധാന ഭാഗം മാത്രം 94,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്നു. നൂറിലധികം ഇനങ്ങളിലും അൻപതോളം നിറങ്ങളിലുമുള്ള കോടിക്കണക്കിന് പൂക്കളാണ് ഇവിടെ സന്ദർശകരെ സ്വീകരിക്കുന്നത്. 8,500 മീറ്ററിലധികം നീളത്തിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ചുണ്ടാക്കിയ കലാരൂപങ്ങളും വ്യത്യസ്ത ഡിസൈനുകളിലുള്ള രണ്ടായിരത്തിലധികം ത്രിമാന ശില്പങ്ങളും ഉദ്യാനത്തിന് മാറ്റുകൂട്ടുന്നു.


വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ബുളിവാർഡ് ഫ്ളവേഴ്സിന്റെ ഓരോ കോണിലും ഒരുക്കിയിരിക്കുന്നത്. മൂന്ന് ബോയിംഗ് 777 വിമാനങ്ങളിൽ ഒന്ന് പൂർണ്ണമായും പൂക്കളാൽ അലങ്കരിച്ച നിലയിലാണ്. കൂടാതെ പൂക്കളാൽ തീർത്ത അരയന്നങ്ങൾ, ഒട്ടകപ്പക്ഷികൾ, ഭീമൻ കൊക്കുകൾ, മയിലുകൾ എന്നിവയുടെ ശില്പങ്ങളും അഞ്ച് ഭീമൻ പുഷ്പ മണവാട്ടികളും സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ഹൃദയാകൃതിയിലുള്ള നടപ്പാതയും പഴയകാല കാറുകളുടെ പ്രദർശനവും ഇവിടുത്തെ പ്രത്യേകതയാണ്. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും പക്ഷികളെ അടുത്തറിയാൻ ഇന്ററാക്ടീവ് പക്ഷി ഉദ്യാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വിനോദത്തിനൊപ്പം മികച്ച സൗകര്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. തത്സമയ പ്രകടനങ്ങൾക്കായി ഇന്ററാക്ടീവ് തിയേറ്ററും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭിക്കുന്ന വെള്ളിയാഴ്ച മാർക്കറ്റും (ഫ്രൈഡേ മാർക്കറ്റ്) ഇവിടെയുണ്ട്. നാൽപ്പതിലധികം ലഘുഭക്ഷണശാലകളും ഫുഡ് ട്രക്കുകളും കൂടാതെ ഒരു പ്രധാന റെസ്റ്റോറന്റും ഉദ്യാനത്തിലുണ്ട്. സന്ദർശകർക്ക് മുഴുവൻ കാഴ്ചകളും ആസ്വദിക്കാൻ വ്യൂവിംഗ് ടവറും യാത്രയ്ക്കായി ഗോൾഫ് കാർട്ടുകളും ലഭ്യമാണ്. രാത്രികാലങ്ങളിൽ മനോഹരമായ വെളിച്ചവും ശാന്തമായ സംഗീതവും ഉദ്യാനത്തിന് മനോഹാരിത പകരുന്നു. ആഴ്ചയിലെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി 12 മണി വരെയാണ് സന്ദർശന സമയം.



