അറാർ – അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ വെച്ചു ഹൃദയാഘാതം മൂലം മരണപെട്ട തമിഴ്‌നാട് വെല്ലൂര് അംബേദ്ക്കർ നഗർ സ്വദേശി എയ്ഞ്ചലിന്റെ (26 ) മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് പ്രവാസി സംഘം നാട്ടിൽ എത്തിച്ചു. കഴിഞ്ഞ സെപ്റ്റംബർ 26നാണ് എയ്ഞ്ചൽ മരണപ്പെട്ടത്. പത്തു മാസം മുമ്പാണ് എയ്ഞ്ചൽ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രി സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേശിച്ചത്.
ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടെ പനിയും ,ഛർദിയും വന്നതും തുടർന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.
ലോക കേരള സഭ അംഗവും അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ സക്കീർ താമരത്ത് അടക്കമുള്ള നിരവധിപേരുടെ നേതൃത്വത്തിലാണ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്.
അറാർ എയർ പോർട്ടിൽ നിന്നും SV 1238 സൗദി എയർ ലൈൻസ് വിമാനത്തിൽ റിയാദിൽ എത്തിച്ച മൃതദേഹം AI 922 എയർ ഇന്ത്യ എക്സ്പ്രസ്സിൽ ബോംബെയിലേക്കും ശേഷം ഇവിടെ നിന്ന് AI 2401 എയർ ഇന്ത്യ എക്സ്പ്രസ്സിൽ ബാഗ്ലൂർ വിമാന താവളത്തിലും എത്തിച്ചു. തുടർന്ന് ബന്ധുവായ സതീഷ് ഏറ്റു വാങ്ങി വീട്ടിൽ എത്തിച്ച മൃതദേഹം വെല്ലൂര് അംബേദ്ക്കർ നഗർ ഗാർഡൻ സെമിത്തേരിയിൽ സംസ്കരിച്ചു.
റോബിൻസൺ എയിഞ്ചലിന്റെ പിതാവും കല മാതാവുമാണ് എബിനേസർ പോൾ ഏക സഹോദരനുമാണ്.
മൂന്നു ദിവസം കൊണ്ട് മൃതദേഹം അറാറിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള എല്ലാ രേഖകളും തയ്യാറാക്കിയെങ്കിലും സൗദി മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ സ്റ്റാഫ് നഴ്സിന്റെ ബോഡി നാട്ടിൽ എത്തിക്കാനുള്ള സാമ്പത്തികസഹായം അനുവദിച്ചു കിട്ടാൻ പത്ത് ദിവസം ഹോസ്പിറ്റൽ ,ക്ലസ്റ്റർ തുടങ്ങിയ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും കാര്യമുണ്ടായില്ല.ശേഷം നിരവധിപേരുടെ സഹായത്തെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
സൗദിയിൽ നിന്ന് നൽകിയ ഡോക്യുമെന്റുകൾ ബോംബെ എയർപോർട്ടിൽ നിന്ന് ബാംഗ്ലൂർ എയർപോർട്ടിലേക്ക് അയക്കാതിരുന്ന എയർ ഇന്ത്യയുടെ അനാസ്ഥ കാരണം അഞ്ചു മണിക്കൂറിന് ശേഷമാണ് മൃതദേഹം വിട്ടു കിട്ടിയത്.
ഇതിനെതിരെ വലിയ പ്രതിഷേധമാണ് അറാർ പ്രവാസി സംഘം ഉയർത്തുന്നത്. എല്ലാ ജനങ്ങളും പ്രതിഷേധം അറിയിക്കണം എന്നും ഇവർ അഭ്യർത്ഥിച്ചു