ജിദ്ദ – കനത്ത മഴയും കൊടുങ്കാറ്റും അതിശൈത്യവും ഉൾപ്പെടെയുള്ള മോശമായ കാലാവസ്ഥ മൂലം ഗാസ മുനമ്പിലെ മാനുഷിക സ്ഥിതിഗതികൾ വഷളായതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദിയുൾപ്പെടെ എട്ട് രാജ്യങ്ങൾ രംഗത്ത്. ജോർദാൻ, യുഎഇ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കി, ഖത്തർ, ഈജിപ്ത് എന്നിങ്ങനെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിദേശ മന്ത്രിമാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആവശ്യത്തിന് മാനുഷിക സഹായങ്ങൾ ലഭ്യമാകാത്തതും ജീവൻ രക്ഷിക്കാനാവശ്യമായ അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും പ്രദേശത്തെ സ്ഥിഗതികൾ കൂടുതൽ വഷളാക്കിയെന്നും വിദേശ മന്ത്രിമാർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.
അപര്യാപ്തമായ ഷെൽട്ടറുകളിൽ താമസിക്കുന്ന ഏകദേശം 19 ലക്ഷം പേരെ മോശം കാലാവസ്ഥ ഏറ്റവുമധികം ബാധിച്ചത്. വെള്ളത്തിൽ മുങ്ങിയ ക്യാമ്പുകൾ, കേടുപാടുകൾ സംഭവിച്ച ടെന്റുകൾ, തകർന്ന കെട്ടിടങ്ങൾ, താഴ്ന്ന താപനില, പോഷകാഹാരക്കുറവ് എന്നിവ സാധാരണക്കാരുടെ ജീവിതത്തിന്, പ്രത്യേകിച്ച് കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ, ഗുരുതരമായ ആരോഗ്യസ്ഥിതിയുള്ളവർ എന്നിവരുടെ ജീവിതത്തിന് അപകടസാധ്യതകൾ വർധിപ്പിച്ചു. രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി.
വളരെ ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും മാനുഷിക സഹായം നൽകുന്നതിൽ ഐക്യരാഷ്ട്രസഭ ഏജൻസികളും സംഘടനകളും, പ്രത്യേകിച്ച് യു.എൻ റിലീഫ് ഏജൻസിയും അന്താരാഷ്ട്ര എൻജിഒകളും നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ഐക്യരാഷ്ട്രസഭക്കും അന്താരാഷ്ട്ര എൻ.ജി.ഒകൾക്കും ഗാസയിലും വെസ്റ്റ് ബാങ്കിലും സുസ്ഥിരമായും നിയന്ത്രണങ്ങളില്ലാതെയും പ്രവർത്തിക്കാൻ കഴിയുമെന്ന് ഇസ്രായിൽ ഉറപ്പാക്കണമെന്നും അവയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
യു.എൻ രക്ഷാ സമിതി 2803 -ാം നമ്പർ പ്രമേയത്തിനും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച സമഗ്ര പദ്ധതിക്കും തങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. സുസ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും പലസ്തീൻ ജനതക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും, സ്വയം നിർണ്ണയത്തിലേക്കും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുമുള്ള വിശ്വസനീയമായ പാത തുറക്കാനുമായി യു.എൻ രക്ഷാ സമിതി 2803 -ാം നമ്പർ പ്രമേയവും ട്രംപിന്റെ പദ്ധതിയും നടപ്പാക്കാൻ ആവശ്യമായ സംഭാവനകൾ നൽകാൻ പ്രതിജ്ഞാബദ്ധമാണ്.
കഠിനമായ ശൈത്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് സുസ്ഥിരവും മാന്യവുമായ അഭയം നൽകുന്നത് ഉൾപ്പെടെ, നേരത്തെയുള്ള വീണ്ടെടുക്കൽ ശ്രമങ്ങൾ ഉടനടി ആരംഭിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര സമൂഹം നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിച്ച്, ടെന്റുകൾ, ഷെൽട്ടർ മെറ്റീരിയലുകൾ, വൈദ്യസഹായം, ശുദ്ധജലം, ഇന്ധനം, ശുചിത്വ സേവനങ്ങൾക്കുള്ള പിന്തുണ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ പ്രവേശനത്തിനും വിതരണത്തിനുമുള്ള നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്തണം.
പ്രസിഡന്റ് ട്രംപിന്റെ സമഗ്ര പദ്ധതിയിൽ വിവരിച്ചിരിക്കുന്നതുപോലെ, ഐക്യരാഷ്ട്രസഭയും അതിന്റെ ഏജൻസികളും വഴി ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം ഉടനടിയും പൂർണ്ണമായും തടസ്സമില്ലാതെയും എത്തിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളുടെയും ആശുപത്രികളുടെയും പുനരധിവാസം നടത്തണമെന്നും റഫ ക്രോസിംഗ് ഇരു ദിശകളിലേക്കും തുറക്കണമെന്നും എട്ടു രാജ്യങ്ങളുടെയും വിദേശ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



