ജിദ്ദ- അധികാരത്തിൽ മൂന്നാംമൂഴവും ലഭിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും ദിവാസ്വപ്നമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സി.പി.എം ഭരണത്തെ വെറുത്തുകഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്. ജനങ്ങൾ അവരുടെ ഹൃദയത്തിൽനിന്നാണ് പിണറായി സർക്കാരിന് എതിരേ സംസാരിക്കുന്നത്. ഇനിയും ഭരണം ലഭിക്കുമെന്നത് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. അടുത്ത വർഷം മെയിൽ കേരളത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്നുൂം അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പിടിമുറുക്കിയ രാസലഹരിക്ക് പിന്നിൽ സി.പി.എമ്മിന്റെ മാഫിയ സംഘമാണ്. ഇപ്പോഴും ചെറിയ അളവിൽ മാത്രമാണ് കഞ്ചാവും മറ്റു ലഹരികളും പിടികൂടുന്നത്. ഇത് കേരളത്തിലേക്ക് വരുന്ന വഴി അടക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. ഇത്തരം സംഘങ്ങളെ പിടികൂടാതിരിക്കാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്. അതീവഗുരുതരമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പിനുള്ള ഒരുക്കം യു.ഡി.എഫ് നേരത്തെ തുടങ്ങിയിട്ടുണ്ട്. നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ ആറു മാസം മുമ്പേ പ്രഖ്യാപിക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വിജയ ഫോർമുല ആയിരിക്കും യു.ഡി.എഫ് മുന്നോട്ടുവെക്കുക. യു.ഡി.എഫിനെ വിജയിപ്പിക്കുക എന്നത് ദൗത്യമായി ഏറ്റെടുക്കണം. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഏറ്റെടുക്കേണ്ടത്. കെ.എം.സി.സിയും ഒ.ഐ.സി.സിയും കാണിക്കുന്ന ഒരുമ മാതൃകയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വരാനിരിക്കുന്ന നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ആരായാലും കൈപ്പത്തി ചിഹ്നത്തിലായിരിക്കും മത്സരിക്കുക. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാനും വിജയിപ്പിക്കാനും എല്ലാവരും രംഗത്തിറങ്ങണമെന്നും ഷൗക്കത്ത് ആവശ്യപ്പെട്ടു. ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ആര്യാടൻ ഷൗക്കത്ത്.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി മുസ്തഫ, കെ.എം.സി.സി ദേശീയ സെക്രട്ടറി നാസർ വെളിയംങ്കോട്, ഒ.ഐ.സി.സി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, വി.പി അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.