മക്ക – ഹജ് തീര്‍ഥാടനത്തിനായി പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒത്തുകൂടുന്ന പുണ്യസ്ഥലങ്ങളിലെ താപനില തണുപ്പിക്കാന്‍ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗിക്കും. ഈ ഗവേഷണം വിജയകരമായതായി സൗദി സര്‍ക്കാരിന്റെ ക്ലൗഡ് സീഡിംഗ് ഏജന്‍സി അറിയിച്ചു. ജിദ്ദയില്‍ നടന്ന കാലാവസ്ഥാ ശില്‍പശാലയില്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. മക്ക പ്രവിശ്യയുടെ ഭാഗമായ പടിഞ്ഞാറന്‍ നഗരമായ തായിഫിലാണ് ഗവേഷണം നടത്തിയത്. ഈ ഗവേഷണത്തില്‍ മേഘ രൂപീകരണം വര്‍ധിപ്പിക്കുന്നതിലും പുണ്യസ്ഥലങ്ങളിലെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് മഴയുടെ സാധ്യത കൂട്ടുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
തായിഫിലെ മേഘങ്ങളെ കുറിച്ച് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം നടത്തിയ ഫീല്‍ഡ് പഠനങ്ങളുടെ ഫലങ്ങളെ കുറിച്ചും, മേഘ രൂപീകരണത്തെ പിന്തുണക്കാനും പുണ്യസ്ഥലങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യത വര്‍ധിപ്പിക്കാനും കാലാവസ്ഥ മെച്ചപ്പെടുത്താനും അവ എത്രത്തോളം ഉപയോഗിക്കാമെന്നതിനെ കുറിച്ചും പ്രോഗ്രാമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അയ്മന്‍ അല്‍ബാര്‍ വിശദീകരിച്ചു. മഴ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടാനും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള രാജ്യത്തിന്റെ കഴിവ് ശക്തിപ്പെടുത്താനും മരുഭൂമീകരണവും ജലക്ഷാമവും നേരിടാനും വിപുലമായ സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്നതില്‍ ഗുണപരമായ കുതിച്ചുചാട്ടം എന്നാണ് അദ്ദേഹം ഈ ശ്രമങ്ങളെ വിശേഷിപ്പിച്ചത്.
ഈ വര്‍ഷത്തെ ഹജിലെ കാലാവസ്ഥാ എന്ന ശീര്‍ഷകത്തില്‍ സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഹജ് സീസണില്‍ പങ്കാളിത്തം വഹിക്കുന്ന വിവിധ സര്‍ക്കാര്‍, അനുബന്ധ ഏജന്‍സികൾ ശില്‍പശാലയിൽ പങ്കെടുത്തു. ഹജ് ദിവസങ്ങളില്‍ കത്തിയാളുന്ന ചൂടില്‍നിന്ന് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കുന്നതില്‍ കൃത്രിമ മഴ പെയ്യിക്കുന്നത് ഏറെ ഉപകാരപ്രദമാകും. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ജലസുരക്ഷയും പരിസ്ഥിതി സുസ്ഥിരതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടിയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രധാന പാരിസ്ഥിതിക സംരംഭങ്ങളുടെ ഭാഗമായി, കാലാവസ്ഥാ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള രാജ്യത്തിന്റെ വിപുലമായ ശ്രമങ്ങളെ കൃത്രിമ മഴ പെയ്യിക്കല്‍ പ്രോഗ്രാം വെളിപ്പെടുത്തുന്നു.
ജൂണ്‍ ആദ്യം നടക്കാനിരിക്കുന്ന വരാനിരിക്കുന്ന ഹജ് സമീപ കാലത്തെ കടുത്ത വേനല്‍ച്ചൂടിലെ അവസാനത്തെ ഹജായിരിക്കും. അടുത്ത 16 വര്‍ഷം ഹജ് താരതമ്യേന തണുത്ത കാലാവസ്ഥയിലായിരിക്കും. ഇസ്‌ലാമിക ചാന്ദ്ര കലണ്ടര്‍ പ്രകാരം 2026 മുതല്‍ ഹജ് സീസണ്‍ ക്രമേണ തണുത്ത മാസങ്ങളിലേക്ക് മാറും.