മക്ക – ഉംറ വിസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രില്‍ 18 (ദുല്‍ഖഅ്ദ 1) ആണെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമില്‍ തീര്‍ഥാടകരില്‍ നിന്ന് ലഭിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. തടവ്, പിഴ തുടങ്ങിയ ശിക്ഷകള്‍ ഒഴിവാക്കാന്‍ രാജ്യത്തിന് പുറത്തുനിന്ന് ഉംറ നിര്‍വഹിക്കാന്‍ എത്തുന്നവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള പുറപ്പെടല്‍ തീയതി കര്‍ശനമായി പാലിക്കണമെന്നും വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരരുതെന്നും അധികൃതര്‍ പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന തീര്‍ഥാടകര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും രാജ്യത്ത് തുടരാന്‍ അവരെ പ്രാപ്തരാക്കുന്ന ഏതെങ്കിലും തരത്തിലുള്ള സഹായവും നല്‍കുന്നതില്‍ നിന്ന് സ്വദേശികളും പ്രവാസികളും വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പിഴ, തടവ്, നാടുകടത്തല്‍ എന്നീ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
അനുവദനീയമായ താമസ കാലയളവ് കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്ന തീര്‍ഥാടകരെ കുറിച്ച് തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അനധികൃതമായി രാജ്യത്ത് തങ്ങുന്ന തീര്‍ഥാടകരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസം വരുത്തുന്ന സര്‍വീസ് കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ കൂട്ടിചേർത്തു.



