ജിദ്ദ – ഇറാന്, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ സൗദിയില്‍ കുടുങ്ങിയ 76,000 ഓളം വരുന്ന ഇറാന് തീര്‍ഥാടകരുടെ മടക്കയാത്രക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ നിര്‍ദേശാനുസരണം മക്കയിലും മദീനയിലുമുള്ള ഇറാന് തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും സേവനങ്ങളും നല്‍കാനും അവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ഹജ്, ഉംറ മന്ത്രാലയം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്.
ഇറാന് അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരം ഇറാന് തീര്‍ഥാടകരുടെ സുഗമമായ മടക്കയാത്രക്ക് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി ഇറാന് ഹാജിമാരെ അറാര്‍ എയര്‍പോര്‍ട്ടിലെത്തിച്ച് അവിടെ നിന്ന് ജിദൈദ അറാര്‍ കരാതിര്‍ത്തി പോസ്റ്റ് വഴി ഇറാഖിലൂടെ ഇറാനിലേക്ക് ബസ് മാര്‍ഗം എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ മുതല്‍ ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങി. സുരക്ഷിതമായും സമാധാനത്തോടെയും സൗദി അറേബ്യ വിടുന്നതു വരെ ഇറാന് തീര്‍ഥാടകര്‍ക്ക് സമഗ്ര സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നത് തുടരുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.